ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന ജയം. ഡര്‍ബനില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു സന്ദര്‍ശകരുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. നാളെയാണ് നിര്‍ണായകമായ മൂന്നാം ടി20. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനാണ് സാധിച്ചത്. 

അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ടോം കറാന്റെ ആദ്യ പന്ത് ഡ്വയ്ന്‍ പ്രിട്ടോറിയൂസിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. രണ്ടാം പന്തില്‍ സിക്‌സും മൂന്നാം പന്തില്‍ ഫോറും നേടാന്‍ പ്രിട്ടോറിയൂസിന് സാധിച്ചു. നാലാം പന്തില്‍ രണ്ട് റണ്‍സ് കൂടി നേടിയതോടെ ഇംഗ്ലണ്ടിന് അവസാന രണ്ട് പന്തില്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ് മാത്രം. എന്നാല്‍ അഞ്ചാം പന്തില്‍ പ്രിട്ടോറിയൂസിനെയും (25) ബോണ്‍ ഫോര്‍ട്വിനെ (0) മടക്കിയയച്ച് കറാന്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു.

നേരത്തെ, ബെന്‍ സ്റ്റോക്‌സ് (30 പന്തില്‍ 47), മൊയീന്‍ അലി (11 പന്തില്‍ 39), ജോണി ബെയര്‍സ്‌റ്റോ (17 പന്തില്‍ 35), ജേസണ്‍ റോയ് (29 പന്തില്‍ 40, ഓയിന്‍ മോര്‍ഗന്‍ (24 പന്തില്‍ 27) എന്നിവരുടെ ഇന്നിങ്‌സാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ലുങ്കി എന്‍ഗിഡി ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റ് നേടി. 

മറുപടി ബാറ്റിങ്ങില്‍ ആതിഥേയര്‍ക്ക് തകര്‍പ്പന്‍ തുടക്കം ലഭിച്ചു. ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് (65), തെംബ ബവൂമ (31) എന്നിവര്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഡി കോക്ക് മടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. റാസി വാന്‍ ഡര്‍ ഡസ്സന്‍ (43) തിളങ്ങിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ക്രിസ് ജോര്‍ദാന്‍, ടോം കറന്‍, മാര്‍ക് വുഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സിന് ഒരു വിക്കറ്റുണ്ട്.