ലോകകപ്പ് വേദി ഇംഗ്ലണ്ടിലേക്കും വെയ്‌ല്‍സിലേക്കും 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ ഇംഗ്ലണ്ട് കന്നി കിരീടം നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ബെയര്‍‌സ്റ്റോ

ലണ്ടന്‍: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് കപ്പുയര്‍ത്തുമെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോണി ബെയര്‍‌സ്റ്റോ. ലോകകപ്പ് വേദി ഇംഗ്ലണ്ടിലേക്കും വെയ്‌ല്‍സിലേക്കും 20 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുമ്പോള്‍ ഇംഗ്ലണ്ട് കന്നി കിരീടം നേടാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് ബെയര്‍‌സ്റ്റോ പറയുന്നു.

ലോകകപ്പ് നേടാനുള്ള നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ ടീം നടത്തിയ കഠിനപ്രയ്‌തനങ്ങള്‍ അത്രത്തോളമാണ്. അതിനാലാണ് തങ്ങള്‍ കപ്പുയര്‍ത്താനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുവരുന്നത്. നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ വീക്ഷണത്തില്‍ പകലും രാത്രിയുമെന്നില്ലാതെ പരിശീലനമാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി നടത്തിയതെന്നും ബെയര്‍‌സ്റ്റോ പറഞ്ഞു.

ലോകകപ്പിന് മുന്‍പ് ഫോമിലെത്താനുള്ള വഴിതുറന്നത് ഐപിഎല്ലാണെന്ന് ബെയര്‍സ്റ്റോ വ്യക്തമാക്കി. ലോകത്തിലെ മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനും കഴിവ് മെച്ചപ്പെടുത്താനുമാണ് ഐപിഎല്‍ കളിക്കുന്നതെന്നും അദേഹം പറഞ്ഞു. ഐപിഎല്ലില്‍ ഈ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധ സെഞ്ചുറിയും അടക്കം 554 റണ്‍സാണ് സണ്‍റൈസേഴ്‌സിന്‍റെ സ്റ്റാര്‍ ഓപ്പണര്‍ സ്വന്തമാക്കിയത്.