നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 98 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ നാലിന് 98 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്. ജോ റൂട്ട് (17), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (2) എന്നിവരാണ് ക്രീസില്‍. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 387നെതിരെ ഇംഗ്ലണ്ടും ഇതേ സ്‌കോറില്‍ പുറത്താവുകയായിരുന്നു. ആര്‍ക്കും ആദ്യ ഇന്നിംഗ്‌സ് ലീഡ് ഉണ്ടായിരുന്നില്ല. കെ എല്‍ രാഹുല്‍ (100) ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ടിനായി റൂട്ടും (104) സെഞ്ചുറി നേടി.

വിക്കറ്റ് നഷ്ടമില്ലാതെ രണ്ട് എന്ന നിലയില്‍ ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഇന്ന് ബെന്‍ ഡക്കറ്റിന്റെ (12) വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. സിറാജിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ബുമ്രയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ ഒല്ലി പോപ്പിനും (4) കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. സിറാജിന്റെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അധികം വൈകാതെ സാക് ക്രൗളിയും മടങ്ങി. 22 റണ്‍സെടുത്ത താരത്തെ നിതീഷ് കുമാര്‍ തേര്‍ഡ് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു യശസ്വി ജയ്‌സ്വാളിന്റെ കൈകളിലേക്കയച്ചു. ഹാരി ബ്രൂക്കിന് 19 പന്ത് മാത്രമായിരുന്നു ആയുസ്. 23 റണ്‍സെടുത്ത താരത്തെ ആകാശ് ദീപ് ബൗള്‍ഡാക്കി. ഇനി റൂട്ട് - സ്റ്റോക്‌സ് സഖ്യത്തിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.

നേരത്തെ, സെഞ്ചുറി നേടിയ കെ എല്‍ രാഹുലും അര്‍ധസെഞ്ചുറികള്‍ നേടിയ റിഷഭ് പന്തും (74) രവീന്ദ്ര ജഡേജയും (72) ഇന്ത്യക്കായി പൊരുതിയെങ്കിലും വാലറ്റത്ത് 11 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് മോഹങ്ങള്‍ ഇല്ലാതാക്കിയത്. മൂന്നാം ദിനം ആദ്യ സെഷനില്‍ റിഷഭ് പന്തും കെ എല്‍ രാഹുലും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 141 റണ്‍സും ജഡേജയും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 72 റണ്‍സും ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 50 റണ്‍സും കൂട്ടിച്ചേര്‍ത്തെങ്കിലും ജഡേജ പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം 11 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി.

ആകാശ് ദീപ് (7), ജസ്പ്രീത് ബുമ്ര (0) എന്നിവര്‍ വന്നപോലെ മടങ്ങിയപ്പോള്‍ പൊരുതി നിന്ന വാഷിംഗ്ടണ്‍ സുന്ദര്‍ (23) അവസാന ബാറ്ററായി പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.

YouTube video player