ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്ട്രലിയ ബൗളിങ് തെരഞ്ഞെടുത്തു. ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ഒരു വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ജേസണ്‍ റോയ് (0)യുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ജോഷ് ഹേസല്‍വുഡിനാണ് വിക്കറ്റ്. റോറി ബേണ്‍സ് (3), ജോ റൂട്ട് (1) എന്നിവരാണ് ക്രീസില്‍.  നേരത്തെ, ടെസ്റ്റിന്റെ ആദ്യദിനം മഴ കാരണം ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചിരുന്നു.

ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ആര്‍ച്ചറുടെ ടെസ്റ്റ് അരങ്ങേറ്റമാണിത്. പരിക്കേറ്റ ജയിംസ് ആന്‍ഡേഴ്‌സണ് പകരമാണ് ആര്‍ച്ചറെത്തിയത്. മൊയീന്‍ അലിക്ക് പകരം ലീച്ച് ടീമിലെത്തുകയായിരുന്നു. ഓസീസ് ടീമില്‍ ജയിംസ് പാറ്റിന്‍സണ്‍ പകരം ഹേസല്‍വുഡ് ടീമിലെത്തി. മിച്ചല്‍ സ്റ്റാര്‍ക്കാണ് പന്ത്രണ്ടാമന്‍.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസീസ് 251 റണ്‍സിന് വിജയിച്ചിരുന്നു.