ലണ്ടന്‍: പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓഫ്‌ സ്‌പിന്നര്‍ ലോറ മാര്‍ഷ്. മുപ്പത്തിമൂന്നുകാരിയായ ലോറ ഒന്‍പത് ടെസ്റ്റുകള്‍, 103 ഏകദിനങ്ങള്‍, 67 ടി20 എന്നിവയില്‍ നിന്നായി 217 വിക്കറ്റ് വീഴ്‌ത്തിയിട്ടുണ്ട്. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ വിരമിച്ച ലോറ ദ് ഹണ്ട്രഡ് ലീഗിന്‍റെ ഉദ്ഘാടന സീസണില്‍ കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി കാരണം  ലീഗ് ഉപേക്ഷിച്ചതോടെ ക്രിക്കറ്റ് കരിയറിനോട് വിടപറയാന്‍ ലോറ മാര്‍ഷ് തീരുമാനിക്കുകയായിരുന്നു. 

വിരമിക്കാനുള്ള തീരുമാനം കൃത്യസമയത്ത് എടുത്തതാണ്. കരിയറില്‍ പ്രതിനിധീകരിച്ച എല്ലാ ടീമുകള്‍ക്കും ആരാധകര്‍ക്കും നന്ദിയറിക്കുന്നതായി ലോറ ട്വിറ്ററില്‍ കുറിച്ചു. കെന്‍റ്, സസെക്‌സ് ടീമുകള്‍ക്കായി കളിച്ച് കരിയര്‍ തുടങ്ങിയ ലോറ സറേ സ്റ്റാര്‍സ്, സിഡ്നി സിക്‌സേര്‍സ്, എന്‍എസ്ഡബ്ല്യൂ ബ്രേക്കേഴ്‌സ്, ഒട്ടാഗോ സ്‌പാര്‍ക്‌സ് ടീമുകള്‍ക്കായും പന്തെറിഞ്ഞു. 

ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് 13 വര്‍ഷം നീണ്ട കരിയറിനൊടുവില്‍ ലോറ മാര്‍ഷ് വിരമിക്കുന്നത്. ഇംഗ്ലീഷ് കുപ്പായത്തില്‍ 2009ലും 2017ലും ഐസിസി വനിത ലോകകപ്പും 2009ല്‍ ടി20 ലോകകപ്പും നേടി. 2006ല്‍ ടെസ്റ്റില്‍ പേസറായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് സ്‌പിന്നറായി ചുവടുമാറി നേട്ടങ്ങള്‍ കൊയ്യുകയായിരുന്നു