വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യ മൂന്നില്‍ സ്ഥാനം ഉറപ്പിച്ചു. 

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ചൂടേറുമെന്ന് ഉറപ്പായി. അഞ്ച് ടീമുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മാത്രമാണ് നിലവില്‍ ആദ്യ മൂന്നില്‍ സ്ഥാനം ഉറപ്പിച്ചത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിക്കുന്ന ആര്‍സിബി വനിതകള്‍ക്ക് നിലവില്‍ 10 പോയിന്റുണ്ട്. ശേഷിക്കുന്ന നാല് ടീമുകള്‍ക്കും നാല് പോയിന്റ് വീതമാണുള്ളത്. ഈ ടീമുകളില്‍ ആര്‍ക്ക് വേണമെങ്കിലും ആദ്യ മൂന്നിലെത്താനുള്ള അവസരമുണ്ട്.

അവസാന മത്സരത്തില്‍ ഡല്‍ഹിയോട് പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തുണ്ട് മുംബൈ ഇന്ത്യന്‍സ്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതും മുംബൈ തന്നെ. മൂന്നാമതുള്ള യുപി വാരിയേഴ്‌സ്, നാലാമതുള്ള ഡല്‍ഹി ക്യാപിറ്റല്‍സ്, അഞ്ചാമതുള്ള ഗുജറാത്ത് ജയന്റ്‌സ് എന്നിവര്‍ അഞ്ച് മത്സരങ്ങള്‍ വീതം കളിച്ചു. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് മുംബൈ (+0.046) രണ്ടാമത് നില്‍ക്കുന്നത്. തൊട്ടുതാഴെയുള്ള മൂന്ന് ടീമുകള്‍ക്കും മൈനസ് നെറ്റ് റണ്‍റേറ്റാണുള്ളത്. നാല് ടീമുകളുടെ സാധ്യതകള്‍ പരിശോധിക്കാം.

മുംബൈ ഇന്ത്യന്‍സ്

ആറില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് മുംബൈ ജയിച്ചത്. നാല് മത്സരങ്ങളില്‍ പരാജയപ്പെട്ടു. തോല്‍വി അറിയാതെ കുതിക്കുന്ന ആര്‍സിബി, നിലവില്‍ അവസാനക്കാരായ ഗുജറാത്ത് എന്നിവര്‍ക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. പരാമാവധി എട്ട് പോയിന്റാണ് മുംബൈക്ക് നേടാന്‍ സാധിക്കുക. ആര്‍സിബിക്കെതിരെ ആദ്യപാദ മത്സരത്തില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. ഗുജറാത്ത് ജയന്റ്‌സിനെതിരെ ഏഴ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളിലെ ഒരു തോല്‍വി പോലും മുംബൈയെ പ്രശ്‌നത്തിലാക്കും.

യുപി വാരിയേഴ്‌സ്

മൂന്ന് മത്സരങ്ങള്‍ ടീമിന് ശേഷിക്കുന്നുണ്ട്. നിലവില്‍ -0.483 നെറ്റ് റണ്‍റേറ്റാണ് അവര്‍ക്ക്. നാളെ ഗുജറാത്തുമായിട്ടാണ് അവരുടെ അടുത്ത മത്സരം. പിന്നീട് ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെ നേരിടേണ്ടതുണ്ട്. പരമാവധി നേടാനാവുക 10 പോയിന്റ്. അടുത്ത മത്സരത്തിലെ ഫലം ചിത്രം കൂടുതല്‍ വ്യക്തമാക്കി. ഗുജറാത്തുമായുള്ള ആദ്യപാദ മത്സരത്തില്‍ യുപി 10 റണ്‍സിന് പരാജയപ്പെട്ടിരുന്നു. മാത്രമല്ല ഇനി കളിക്കാനുള്ള ആര്‍സിബി, ഡല്‍ഹി എന്നിവര്‍ക്കെതിരേയും ടീം പരാജയപ്പെടുകയാണുണ്ടായത്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ശേഷിക്കുന്നത് മൂന്ന് മത്സരങ്ങള്‍. -0.586 നെറ്റ് റണ്‍റേറ്റാണ് ടീമിനെ പ്രതിരോധത്തിലാക്കുന്ന പ്രധാന പ്രശ്‌നം. ആര്‍സിബി, ഗുജറാത്ത്, യുപി വാരിയേഴ്‌സ് എന്നിവര്‍ക്കെതിരെയാണ് ഇനി ഡല്‍ഹി കളിക്കാനുള്ളത്. ഇതില്‍ ആദ്യപാദത്തില്‍ ആര്‍സിബിയോടും ഗുജറാത്തിനോടും ടീം പരാജയപ്പെട്ടു. യുപി വാരിയേഴ്‌സിനോട് ജയിക്കാന്‍ ടീമിന് സാധിച്ചിരുന്നു. വരുന്ന മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ ടീമിന് പരമാവധി നേടാന്‍ സാധിക്കുക 10 പോയിന്റാണ്.

ഗുജറാത്ത് ജയന്റ്‌സ്

പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഗുജറാത്ത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് തുടങ്ങിയിരുന്നത്. എന്നാള്‍ അവസാന മൂന്ന് മത്സരത്തിലും ടീം പരാജയപ്പെട്ടു. ഇനി യുപി വാരിയേഴസ്, ഡല്‍ഹി, മുംബൈ എന്നിവര്‍ക്കെതിരെയാണ് മത്സരം. -0.864 എന്ന മോശം നെറ്റ് റണ്‍റേറ്റും ടീമിന്റെ അക്കൗണ്ടിലുണ്ട്. ഇതിനേയും മറികടന്ന് ആദ്യ മൂന്നിലെത്തുകയെന്നുള്ളത് ടീമിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. ഒരു മത്സരം കൂടി കഴിയുമ്പോഴേക്ക് ചിത്രം കൂടുതല്‍ വ്യക്തമാകും.

YouTube video player