ഐപിഎല്ലില്‍ കളിച്ചാല്‍ ഒരുപക്ഷേ പിന്നീട് വരാനിരിക്കുന്ന ആഷസ് പരമ്പരയും ട്വന്റി 20 ലോകകപ്പും നഷ്ടമായേക്കും. ഇതൊഴിവാക്കാന്‍ ഐപിഎല്ലില്‍നിന്ന് വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദ്: ഐപിഎല്ലിനൊരുങ്ങുന്ന സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും കടുത്ത ആശങ്ക. രാജസ്ഥാന്‍ പേസര്‍ ജോഫ്ര അര്‍ച്ചര്‍ ഇത്തവണ ഐപിഎല്ലിന് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൈമുട്ടിലെ പരുക്ക് കുറച്ച് നാളായി ഇംഗ്ലണ്ട് താരത്തെ അലട്ടുന്നുണ്ടായിരുന്നു. ഐപിഎല്ലില്‍ കളിച്ചാല്‍ ഒരുപക്ഷേ പിന്നീട് വരാനിരിക്കുന്ന ആഷസ് പരമ്പരയും ട്വന്റി 20 ലോകകപ്പും നഷ്ടമായേക്കും. ഇതൊഴിവാക്കാന്‍ ഐപിഎല്ലില്‍നിന്ന് വിട്ടുനിന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. അടുത്ത മാസം ഒമ്പതിനാണ് ഐപിഎല്ലിന് തുടക്കമാകുന്നത്.

ഇക്കാര്യം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ സൂചിപ്പിക്കുകയും ചെയ്തു. കൈമുട്ടിനേറ്റ പരിക്ക് വഷളായാല്‍ ആര്‍ച്ചര്‍ക്ക് ഏകദിന പരമ്പര നഷ്ടമാവുമെന്നാണ് മോര്‍ഗന്‍ പറയുന്നത്. മിക്ക ബൗളര്‍മാര്‍ക്കും പരിക്കുണ്ട്. എന്നാല്‍ ബുദ്ധിമുട്ടുകളുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് താരങ്ങള്‍ പറയുകയെന്നും മോര്‍ഗന്‍ കൂടിച്ചേര്‍ത്തു. ആര്‍ച്ചറുടെ പരിക്കിന്റെ കാര്യത്തില്‍ ഈ ദിവസങ്ങളില്‍ തന്നെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തത വരുത്തുമെന്നാണ് അറിയുന്നത്. അടുത്ത ചൊവ്വാഴ്ച്ചയാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. 

ടി20 ലോകകപ്പിന് മുന്‍പായി ഇംഗ്ലണ്ടിന് ന്യൂസിലാന്‍ഡിനും ഇന്ത്യക്കും എതിരായ ടെസ്റ്റ് പരമ്പരകളുണ്ട്. ടി20 ലോകകപ്പിന് ശേഷം ആഷസിലേക്കാണ് ഇംഗ്ലണ്ട് പോവുന്നത്. ഈ സാഹചര്യത്തില്‍ ആര്‍ച്ചറുടെ പരിക്ക് ഗുരുതരമാവാന്‍ ഇംഗ്ലണ്ട് സാഹചര്യമൊരുക്കില്ല.