32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഡക്കറ്റ് 59 പന്തില്‍ 71 റണ്‍സെടുത്ത് പുറത്തായി.

ട്രെന്‍റ്ബ്രിഡ്ജ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ലോക റെക്കോര്‍ഡിട്ട് ഇംഗ്ലണ്ട്. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ സാക്ക് ക്രോളിയെ(0) നഷ്ടമായെങ്കിലും മൂന്നാമനായി ഇറങ്ങിയ ഒലി പോപ്പും ഓപ്പണര്‍ ബെന്‍ ഡക്കറ്റും ടി20 ക്രിക്കറ്റിനെ പോലും വെല്ലുന്ന രീതിയില്‍ അടിച്ചു തകര്‍ത്തതോടെ 4.2 ഓവറില്‍ 50 റണ്‍സിലെത്തി. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ ടീം ഫിഫ്റ്റിയാണിത്.

ഇംഗ്ലണ്ടിന്‍റെ തന്നെ റെക്കോര്‍ഡാണ് ഡക്കറ്റും പോപ്പും ചേര്‍ന്ന് മെച്ചപ്പെടുത്തിയത്. 1994ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 4.3 ഓവറില്‍ ഇംഗ്ലണ്ട് 50 റണ്‍സ് കുറിച്ചതായിരുന്നു ഇതിന് മുമ്പത്തെ ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ ടീം ഫിഫ്റ്റി. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ ടീം ഫിഫ്റ്റിയില്‍ മൂന്നാം സ്ഥാനത്തും ഇംഗ്ലണ്ട് തന്നെയാണ്. 2002ല്‍ മാഞ്ചസ്റ്ററില്‍ അഞ്ചോവറിലാണ് ഇംഗ്ലണ്ട് ടോട്ടല്‍ 50 കടന്നത്.

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, രോഹിത് മാത്രമല്ല കോലിയും ശ്രീലങ്കയിൽ കളിക്കും; റിഷഭ് പന്തും പരാഗും ടീമിലേക്ക്

32 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച ഡക്കറ്റ് 59 പന്തില്‍ 71 റണ്‍സെടുത്ത് പുറത്തായി. ജോ റൂട്ട് 29 പന്തില്‍ 14 റണ്‍സിന് പുറത്തായപ്പോള്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 34 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന നിലയിലാണ്. 102 പന്തില്‍ 71 റണ്‍സുമായി പോപ്പും 12 പന്തില്‍ 24 റണ്‍സുമായി ഹാരി ബ്രൂക്കും ക്രീസില്‍.

വിന്‍ഡീസിനായി അല്‍സാരി ജോസഫും ജെയ്ഡന്‍ സീല്‍സും ഷണര്‍ ജോസഫും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്നിംഗ്സിനും 114 റണ്‍സിനും ജയിച്ച ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക