മെഗാ താരലേലത്തില്‍ ബെന്‍ സ്റ്റോക്സിനായി കോടികളെറിയാന്‍ കാത്തിരുന്ന ഫ്രാഞ്ചൈസികള്‍ക്ക് കനത്ത തിരിച്ചടി

ലണ്ടന്‍: ഇംഗ്ലീഷ് സ്റ്റാർ ഓള്‍റൌണ്ടർ ബെന്‍ സ്റ്റോക്സ് (Ben Stokes) ഐപിഎല്‍ 2022 (IPL 2022) സീസണില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് റിപ്പോർട്ട്. ആഷസ് (Ashes 2021-22) തോല്‍വിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധയൂന്നുന്നതിന് വേണ്ടിയാണ് സ്റ്റോക്സിന്‍റെ തീരുമാനം. ഇതോടെ വരാനിരിക്കുന്ന മെഗാ താരലേലത്തില്‍ (IPL 2022 Mega Auction) ഇംഗ്ലീഷ് ഓള്‍റൌണ്ടർ പങ്കെടുക്കില്ല. ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ജോ റൂട്ടും (Joe Root) ഇക്കുറി ഐപിഎല്ലിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞ സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമായിരുന്ന സ്റ്റോക്സിനെ താരലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി നിലനിർത്തിയിരുന്നില്ല. 2021 സീസണിന്‍റെ രണ്ടാംഘട്ടത്തില്‍ മാനസീകാരോഗ്യം മുന്‍നിർത്തി സ്റ്റോക്സ് കളിച്ചിരുന്നില്ല. അടുത്തിടെ അവസാനിച്ച ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ സ്റ്റോക്സ് 236 റണ്‍സും നാല് വിക്കറ്റുമാണ് നേടിയതെങ്കില്‍ ഇംഗ്ലണ്ട് 0-4ന് പരമ്പര കൈവിട്ടിരുന്നു. 

റൂട്ടും ഐപിഎല്ലിനില്ല

ഐപിഎല്‍ മെഗാ താരലേലത്തില്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ജോ റൂട്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആഷസ് പരമ്പരയിലെ ദയനീയ തോൽവിക്ക് പിന്നാലെയാണ് പ്രഖ്യാപനം. ഇംഗ്ലണ്ട് ടീമിനായി ഇനിയുമേറെ ചെയ്യാനുണ്ടെന്നും അതിനുവേണ്ടി പരമാവധി ത്യാഗം ചെയ്യാന്‍ തീരുമാനിച്ചെന്നും റൂട്ട് പറഞ്ഞു. 2018ലെ താരലേലത്തിൽ റൂട്ട് രജിസ്റ്റര്‍ ചെയ്തെങ്കിലും ഒരു ടീമും വിളിച്ചിരുന്നില്ല. രണ്ട് വര്‍ഷമായി ഇംഗ്ലണ്ട് ട്വന്‍റി 20 ടീമിൽ റൂട്ടിനെ ഉള്‍പ്പെടുത്തിയിട്ടില്ല. 

മെഗാ താരലേലത്തിനായി ജോ റൂട്ട് രജിസ്റ്റര്‍ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമകാലിക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസങ്ങളിലൊരാളായ ജോ റൂട്ട് ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല. എന്നാല്‍ 2022 സീസണില്‍ രണ്ട് പുതിയ ടീമുകള്‍ വരുന്നതോടെ തനിക്ക് ഐപിഎല്ലിലേക്ക് വഴിയൊരുങ്ങും എന്നായിരുന്നു റൂട്ടിന്‍റെ കണക്കുകൂട്ടല്‍. എന്നാല്‍ ആഷസ് തോല്‍വിയോടെ തന്‍റെ പദ്ധതികള്‍ പൊളിച്ചെഴുതിയിരിക്കുകയാണ് ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍. 

IPL Mega Aution 2022: താരലേലത്തിന് മുമ്പ് ആഹമ്മദാബാദ് സ്വന്തമാക്കിയത് ഈ 3 താരങ്ങളെ