Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിന് സൗത്തിയും ബോള്‍ട്ടും മറുപടി നല്‍കി; ന്യൂസിലന്‍ഡിനെതിരെ ഒമ്പത് റണ്‍സിന്റെ ലീഡ് മാത്രം

43 റണ്‍സ് നേടിയ സാക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അലക്‌സ് ലീസ് (25), ജോ റൂട്ട് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

England took nine runs lead against New Zealand in first test
Author
Lord's Cricket Ground, First Published Jun 3, 2022, 4:15 PM IST

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ തിരിച്ചടിച്ച് ന്യസിലന്‍ഡ് (ENG vs NZ). ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെ 141ന് പുറത്താക്കുകയായിരുന്നു സന്ദര്‍ശകര്‍. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 132നെതിരെ ഒമ്പത് റണ്ണിന്റെ ലീഡെടുക്കാന്‍ മാത്രാണ് സാധിച്ചത്. നാല് വിക്കറ്റ് നേടി ടിം സൗത്തിയാണ് (Tim Southee) ആതിഥേയരെ തകര്‍ത്തത്. ട്രന്റ് ബോള്‍ട്ട് (Trent Boult) മൂന്ന് വിക്കറ്റ് വീഴ്ത്തി. ഏഴിന് 116 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്ന് രണ്ടാംദിനം ആരംഭിച്ചത്. എന്നാല്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ 25 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായി. കെയ്ല്‍ ജെയ്മിസണ്‍ രണ്ടും കോളിന്‍ ഡി ഗ്രാന്‍ഹോം ഒരു വിക്കറ്റും നേടി. 

43 റണ്‍സ് നേടിയ സാക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അലക്‌സ് ലീസ് (25), ജോ റൂട്ട് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഒല്ലി പോപ് (7), ജോണി ബെയര്‍സ്‌റ്റോ (1), ബെന്‍ സ്‌റ്റോക്‌സ് (1), ബെന്‍ ഫോക്‌സ് (7), മാറ്റി പോട്ട്‌സ് (0), സ്റ്റുവര്‍ട്ട് ബ്രോഡ് (9), മാത്യു പാര്‍ക്കിന്‍സണ്‍ (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ജയിംസ് ആന്‍ഡേഴ്‌സണ്‍ (7) പുറത്താവാതെ നിന്നു.

നേരത്തെ, ഇംഗ്ലീഷ് പേസാക്രമണത്തിന് മുന്നില്‍ കാലിടറിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിംഗ്സില്‍ 40 ഓവറില്‍ 132 റണ്‍സില്‍ പുറത്ത്. ജെയിംസ് ആന്‍ഡേഴ്സണിന്റെയും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്സിന്റേയും നാല് വിക്കറ്റ് പ്രകടനമാണ് കിവികളെ തകര്‍ത്തത്. 50 പന്തില്‍ പുറത്താകാതെ 42* റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്ഹോമാണ് ടോപ് സ്‌കോറര്‍. നാല് മുന്‍നിര ബാറ്റര്‍മാരും ഒരക്കത്തില്‍ മടങ്ങി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡിന് മൂന്നാം ഓവറില്‍ തന്നെ ജിമ്മി മറുപടി കൊടുത്തു. രണ്ട് പന്തില്‍ 1 റണ്ണുമായി വില്‍ യങ് ബെയര്‍‌സ്റ്റോയുടെ വിസ്മയ ക്യാച്ചില്‍ കൂടാരം കയറി. ഒരോവറിന്റെ ഇടവേളയില്‍ ആന്‍ഡേഴ്സണ്‍ വീണ്ടുമെത്തിയപ്പോള്‍ 17 പന്തില്‍ 1 റണ്ണുമായി നില്‍ക്കുകയായിരുന്ന ടോം ലാഥം ബെയര്‍‌സ്റ്റോയുടെ തന്നെ കൈകളിലെത്തി.

പിന്നാലെ ദേവോണ്‍ കോണ്‍വേയെ (7 പന്തില്‍ 3) ബ്രോഡ് ബെയര്‍‌സ്റ്റോയുടെ കൈകളില്‍ അവസാനിപ്പിച്ചു. പിന്നീടങ്ങോട്ട് അരങ്ങക്കാരന്‍ മാറ്റി പോട്ട്സ് വരവറിയിക്കുകയായിരുന്നു. കെയ്ന്‍ വില്യംസണെ(22 പന്തില്‍ 2) ഫോക്സിന്റെ കൈകളിലെത്തിച്ചപ്പോള്‍ ഡാരില്‍ മിച്ചല്‍(35 പന്തില്‍ 13), ടോം ബ്ലന്‍ഡല്‍(39 പന്തില്‍ 14) എന്നിവരെ മാറ്റി ബൗള്‍ഡാക്കി. ഒരുവേള കിവികള്‍ 9.5 ഓവറില്‍ 12-4 എന്ന നിലയിലായിരുന്നു.  ഉച്ചഭക്ഷണത്തിന് പിന്നാലെ കെയ്ല്‍ ജാമീസണെ(11 പന്തില്‍ 6) പോട്ട്സിന്റെ കൈകളിലാക്കി ആന്‍ഡേഴ്സണ്‍. 

മുമ്പില്‍ മറ്റൊരു വഴിയുമില്ലാതെ വന്നതോടെ ടിം സൗത്തി ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ 23 പന്തില്‍ 26 റണ്‍സെടുത്ത സൗത്തിയെ മടക്കി ആഡേഴ്സണ്‍ നാല് വിക്കറ്റ് തികച്ചു. പിന്നാലെ അജാസ് പട്ടേലിനെ എല്‍ബിയില്‍ കുടുക്കി പോട്ട്സും നാല് വിക്കറ്റ് കൂട്ടത്തിലെത്തി. അവസാനക്കാരനായി ട്രെന്‍ഡ് ബോള്‍ട്ടിനെ (16 പന്തില്‍ 14) പുറത്താക്കി ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് കിവീസ് ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. 42* റണ്‍സുമായി പൊരുതിയ കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം പുറത്താകാതെ നിന്നു. ജിമ്മി 16 ഓവറില്‍ 66 റണ്‍സിനും പോട്ട് 9.2 ഓവറില്‍ 13നുമാണ് നാല് വിക്കറ്റ് വീതം വീഴ്ത്തിയത്.
 

Latest Videos
Follow Us:
Download App:
  • android
  • ios