മാഞ്ചസ്റ്റര്‍: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 295 റണ്‍സിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഗ്ലെന്‍ മാക്സ്‌വെല്ലിന്റെയും മിച്ചല്‍ മാര്‍ഷിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു.

ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും(6) ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയും(16) തുടക്കത്തിലെ നഷ്ടമായ ഓസീസിനെ മാര്‍ക്കസ് സ്റ്റോയിനസും(34 പന്തില്‍ 43), മാര്‍നസ് ലാബുഷെയ്നും(21) ചേര്‍ന്നാണ് കരകയറ്റിയത്. എന്നാല്‍ സ്റ്റോയിനസിനെ മാര്‍ക്ക് വുഡും ലാബുഷെയ്നെ ആദില്‍ റഷീദും മടക്കിയതോടെ ഓസീസ് വീണ്ടും തകര്‍ച്ചയിലായി. അലക്സ് ക്യാരിയെ (10)കൂടെ മടക്കി റഷീദ് ഓസീസിനെ 123/5 ലേക്ക് തള്ളിയിട്ടെങ്കിലും ആറാം വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഓസീസിനെ മികച്ച സ്കോറിലേക്ക് നയിച്ചു.

59 പന്തില്‍ നാലു സിക്സും നാലു ഫോറും പറത്തി 77 റണ്‍സെടുത്ത മാക്സ്‌വെല്ലാണ് ഓസീസിന്റെ ടോപ് സ്കോറര്‍. 100 പന്തില്‍ 73 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും ഓസീസിനായി തിളങ്ങി. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 126 റണ്‍സ് കൂട്ടിച്ചേര്‍ത്തതാണ് ഓസീസ് സ്കോറിന് അടിത്തറയായത്. വാലറ്റത്ത് മിച്ചല്‍ മാര്‍ച്ച് നടത്തിയ വെടിക്കെട്ട്(12 പന്തില്‍ 19) ഓസീസിനെ 294ല്‍ എത്തിച്ചു.

ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും മൂന്ന് വീതം വിക്കറ്റെടുത്തപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തു. പരിസീലനത്തിനിടെ പന്ത് തലയില്‍ക്കൊണ്ടതിനെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്ത് ഇല്ലാതെയാണ് ഓസീസ് ഇറങ്ങിയത്.