ഹെഡിംഗ്‌ലി: ജോഫ്ര ആര്‍ച്ചറുടെ പേസിന് മുന്നില്‍ ഓസ്ട്രേലിയക്ക് മുട്ടുവിറച്ചപ്പോള്‍ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഒന്നാം ദിനം 179 റണ്‍സിന് ഓള്‍ ഔട്ടായി. 45 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റെടുത്ത സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ഇംഗ്ലീഷ് ബൗളിംഗില്‍ തിളങ്ങിയത്.

മഴ പലതവണ തസടപ്പെടുത്തിയ കളിയില്‍ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ 12 റണ്‍സെത്തിയപ്പോഴേക്കും മാര്‍ക്വസ് ഹാരിസിനെ(8) ആര്‍ച്ചര്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളില്‍ എത്തിച്ചു. ഉസ്മാന്‍ ഖവാജയ്ക്കും(8) കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 25/2 എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഓസീസിനെ പിന്നീട് പരമ്പരയിലാദ്യമായി ഫോമിലേക്കുയര്‍ന്ന ഡേവി‍ഡ് വാര്‍ണറും സ്റ്റീവ് സ്മിത്തിന്റെ പകരക്കാരന്‍ മാര്‍നസ് ലാബുഷാഗ്നെയും ചേര്‍ന്ന് കരകയറ്റി.

111 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ഇരുവരും ഓസീസിനെ ശക്തമായ നിലയിലെത്തിക്കുമെന്ന് കരുതിയെങ്കിലും വാര്‍ണറെ(61) മടക്കി ആര്‍ച്ചര്‍ വീണ്ടും ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. വാര്‍ണര്‍ക്ക് പിന്നാലെ ട്രാവിസ് ഹെഡ്ഡിനെ(0) ബ്രോഡും മാത്യു വെയ്ഡിനെ(0) ആര്‍ച്ചറും മടക്കിയതോടെ 136/2 ല്‍ നിന്ന് ഓസീസ് 139/5 ലേക്ക് കൂപ്പുകുത്തി. ടിം പെയ്ന്‍(11) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ക്രിസ് വോക്സിന് മുന്നില്‍ വീണു.

പാറ്റിന്‍സണെ(2)യും കമിന്‍സിനെയും(0) മടക്കി ആര്‍ച്ചര്‍ അഞ്ച് വിക്കറ്റ് തികച്ചപ്പോള്‍ പൊരുതിനിന്ന ലാബുഷാഗ്നെയെ(74)യെ സ്റ്റോക്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഒടുവില്‍ ലിയോണിനെ(1) വിക്കറ്റിന് മുന്നില്‍ കുടുക്കി ആര്‍ച്ചര്‍ ഓസീസ് ഇന്നിംഗ്സിന് തിരശീലയിട്ടു. മഴൂലം 52.1 ഓവര്‍ മാത്രമാണ് ഒന്നാം ദിനം എറിഞ്ഞത്.