ലണ്ടന്‍: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന് ഇന്ന് ലോര്‍ഡ്സില്‍ തുടക്കം. ആദ്യ ടെസ്റ്റ് ജയിച്ച ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലാണ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നിന് കളി തുടങ്ങും. സ്റ്റീവ് സ്മിത്തിനെ നിര്‍വീര്യമാക്കാനുള്ള വെടിമരുന്ന് ജോഫ്രാ ആര്‍ച്ചറുടെ പക്കല്‍ ഉണ്ടോ ? ക്രിക്കറ്റിന്റെ മെക്കയില്‍ ആഷസ് രണ്ടാമങ്കത്തിന് തുടക്കമിടുമ്പോള്‍, കണ്ണുകളൊക്കെയും പരിചയസമ്പന്നനായ സ്മിത്തിലേക്കും അരങേറ്റക്കാരനായ ആര്‍ച്ചറിലേക്കും ആകും.

ലോകകപ്പ് ഹീറോ എങ്കിലും ജെയിംസ് ആന്‍ഡേഴ്സന്റെ അഭാവത്തില്‍ ഇംഗ്ലീഷ് ബൗളിംഗിനെ നയിക്കാന്‍ ആര്‍ച്ചര്‍ക്ക് കഴിയുമോയെന്ന് കണ്ടറിയണം. സ്മിത്തിനെ വീഴ്ത്തുക എന്ന ലക്ഷ്യത്തോടെ ഇടം കൈയന്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്ക് സ്മിത്തിന് മേല്‍ ആധിപത്യമുണ്ടെന്ന തിരിച്ചറിവിലാണ് മോയിന്‍ അലിക്ക് പകരം ലീച്ചിനെ ഇംഗ്ലണ്ട് ടീമിലെടുത്തത്. ഇംഗ്ലണ്ടിന്റെ പദ്ധതികള്‍ മുഴുവന്‍ സ്മിത്തിനെ കേന്ദ്രീകരിച്ചാണെങ്കിലും അപകടകാരിയായ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെയും ഇംഗ്ലണ്ടിന് കാണാതിരിക്കാനാവില്ല. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും വാര്‍ണര്‍ ഫോമിലായാല്‍ ഇംഗ്ലണ്ട് പാടുപെടും.

ബര്‍മിങ്ഹാമില്‍ ജയിച്ച ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു. പേസര്‍ ജെയിംസ് പാറ്റിന്‍സണ് പകരം , മിച്ചല്‍ സ്റ്റാര്‍ക്ക് , ജോഷ് ഹെയ്സൽവുഡ് എന്നിവരിലൊരാള്‍ അന്തിമ ഇലവനിലെത്തും. സ്മിത്തിനെ തളയ്ക്കാനുള്ള പ്ലാന്‍ എയില്‍ മാറ്റമില്ലെന്നാണ് ജോ റൂട്ടിന്റെ അവകാശവാദം. എന്നാല്‍ ലോര്‍ഡ്സില് ഓസീസിനെതിരെ അവസാനം കളിച്ച അഞ്ച് ടെസ്റ്റില്‍ മൂന്നിലും തോറ്റത് ഇംഗ്ലണ്ടിന് സമ്മര്‍ദ്ദമാകും.