മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിന് വിട്ടപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സന്‍റെ സ്വിംഗിലാണ് പ്രതീക്ഷവെച്ചത്. പ്രതീക്ഷിച്ചപോലെ സ്വിംഗ് കൊണ്ട് ആന്‍ഡേഴ്സണ്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ വെള്ളം കുടിപ്പിച്ചെങ്കിലും വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കാന്‍ രാഹുലിനും രോഹിത്തിനുമായി.

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ മഴമൂലം ആദ്യ ദിനം ലഞ്ചിന് നേരത്തെ പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെന്ന നിലയിലാണ്. 35 റണ്‍സുമായി രോഹിത് ശര്‍മയും 10 റണ്‍സോടെ കെ എല്‍ രാഹുലും ക്രീസില്‍.

കരുതലോടെ തുടങ്ങി കരുത്തുകാട്ടി രോഹിത്

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിന് വിട്ടപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സന്‍റെ സ്വിംഗിലാണ് പ്രതീക്ഷവെച്ചത്. പ്രതീക്ഷിച്ചപോലെ സ്വിംഗ് കൊണ്ട് ആന്‍ഡേഴ്സണ്‍ ഇന്ത്യന്‍ ഓപ്പണര്‍മാരെ വെള്ളം കുടിപ്പിച്ചെങ്കിലും വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കാന്‍ രാഹുലിനും രോഹിത്തിനുമായി. ആദ്യ 12 ഓവറില്‍ 14 റണ്‍സ് മാത്രമാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഇതില്‍ ആന്‍ഡേഴ്സന്‍റെ അഞ്ചോവറില്‍ അടിച്ചെടുത്തത് ആകെ അഞ്ച് റണ്‍സും.

സാം കറനെതിരെ ടോപ് ഗിയറിലായി രോഹിത്

സാം കറനെറിഞ്ഞ പതിനഞ്ചാം ഓവറിലാണ് രോഹിത് ടോപ് ഗിയറിലായത്. കറന്‍റെ ഓവറില്‍ നാല് ബൗണ്ടറിയടക്കം 16 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. കറന്‍റെ അടുത്ത ഓവറിലും ഒറു ബൗണ്ടറിയടക്കം ആറ് റണ്‍സ് നേടി രോഹിത് ഇന്ത്യക്ക് മികച്ച തുടക്കമിട്ടു.

വില്ലനായി വീണ്ടും മഴ

ആദ്യ ടെസ്റ്റിലേതുപോലെ മഴ വീണ്ടും വില്ലനായതോടെ പതിവിലും വൈകിയാണ് മത്സരം തുടങ്ങിയത്. മത്സരത്തിനിടെ വീണ്ടും ചാറ്റല്‍ മഴ എത്തിയതോടെ 18 ഓവര്‍ മാത്രം എറിഞ്ഞ ആദ്യ സെഷനുശേഷം ലഞ്ചിന് പിരിഞ്ഞു.

അശ്വിന്‍ പുറത്തു തന്നെ

നോട്ടിംഗ്ഹാം ടെസ്റ്റിലേതുപോലെ നാലു പേസര്‍മാരുമായി ഇന്ത്യ ഇറങ്ങാന്‍ തീരുമാനിച്ചതോടെ അശ്വിന്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. പരിക്കേറ്റ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം ഇഷാന്ത് ശര്‍മയാണ് ടീമിലെത്തിയത്.