പുതിയ പന്തിൽ പിച്ച് കൂടുതൽ ഗ്രിപ്പ് നൽകുമെന്നിരിക്കെ കുൽദീപിന് അവസരം നൽകാതിരുന്നത് തെറ്റായ തീരുമാനമാണെന്ന് പൂജാര ചൂണ്ടിക്കാട്ടി. കുൽദീപ് യാദവിന് കൂടുതൽ ഓവറുകൾ നൽകണമായിരുന്നു.

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്‍റെ നാലാം ദിനം സ്പിന്നർ കുൽദീപ് യാദവിനെ ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് ഉപയോഗിച്ച രീതിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഇന്ത്യൻ ടീം മാനേജ്‌മെന്‍റും കുൽദീപിന്‍റെ കഴിവുകളിൽ കുറച്ചുകൂടി വിശ്വാസമർപ്പിക്കണമെന്ന് പൂജാര ആവശ്യപ്പെട്ടു. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സിൽ എറിഞ്ഞ 34 ഓവറുകളിൽ വെറും 3 ഓവറുകൾ മാത്രമാണ് കുൽദീപിന് നൽകിയത്. എന്നാൽ ടീമിലെ മറ്റുരണ്ട് ഇടങ്കയ്യൻ സ്പിന്നർമാരായ മാനവ് സുതാറിന് 11 ഓവറും രവീന്ദ്ര ജഡേജയ്ക്ക് 6 ഓവറും നല്‍കിയപ്പോഴാണിതെന്ന് ക്രിക്ഇൻഫോയിലെ ചർച്ചയ്ക്കിടെ പൂജാര പറഞ്ഞു.

പുതിയ പന്തിൽ പിച്ച് കൂടുതൽ ഗ്രിപ്പ് നൽകുമെന്നിരിക്കെ കുൽദീപിന് അവസരം നൽകാതിരുന്നത് തെറ്റായ തീരുമാനമാണെന്ന് പൂജാര ചൂണ്ടിക്കാട്ടി. കുൽദീപ് യാദവിന് കൂടുതൽ ഓവറുകൾ നൽകണമായിരുന്നു. അവന്‍റെ കഴിവുകളിൽ കുറച്ചുകൂടി വിശ്വാസം കാണിക്കണം. അവൻ ഒരു മാച്ച് വിന്നറാണ്. രവീന്ദ്ര ജഡേജയും മാനവ് സുതാറും മികച്ച രീതിയിൽ എറിയുന്നുണ്ടെന്നത് ശരിതന്നെ, പക്ഷേ കുൽദീപിന് പുതിയ പന്തിൽ അവസരം നൽകണമായിരുന്നു. പന്ത് അൽപം പഴകിയ ശേഷമാണ് അവനെ കൊണ്ടുവന്നത്. പുതിയ പന്തിൽ പിച്ചിൽ നിന്നും കുല്‍ദീപിന് കൂടുതൽ ഗ്രിപ്പ് ലഭിക്കുമായിരുന്നുവെന്നും പൂജാര പറഞ്ഞു.

ടീം മാനേജ്‌മെന്റിന് കുൽദീപിന്‍റെ ബൗളിംഗിൽ വേണ്ടത്ര വിശ്വാസമില്ലെന്ന് പൂജാര പറഞ്ഞു. കുൽദീപിന്‍റെ കാര്യത്തിൽ ടീമിന് വേണ്ടത്ര വിശ്വാസമില്ലെന്ന് തോന്നുന്നു. കാരണം എന്താണെന്ന് അറിയില്ല, ചിലപ്പോൾ എന്തെങ്കിലും ടീം സ്ട്രാറ്റജിയാകാം. ജഡേജയുടെയോ സുതാറിന്‍റെയോ പ്രകടനത്തിന്‍റെ ക്രെഡിറ്റ് കുറയ്ക്കാനല്ല ഞാൻ ശ്രമിക്കുന്നത്. പക്ഷേ ഈ മൂന്ന് പേരെയും താരതമ്യം ചെയ്യുമ്പോൾ എനിക്ക് വേറിട്ടുനിൽക്കുന്നത് കുൽദീപ് തന്നെയാണ്. അവന് ആവശ്യത്തിന് ആത്മവിശ്വാസം നൽകിയാൽ അവന്‍റെ ശരീരഭാഷയും പ്രകടനവും വലിയ രീതിയിൽ മാറും. 2017 മാർച്ച് ധർമ്മശാലയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച കുൽദീപിന്‍റെ കരിയറിലെ 19-ാം ടെസ്റ്റ് മത്സരമാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക