വിമര്‍ശനങ്ങളെയെല്ലാം മറികടക്കാന്‍ മാഞ്ചസ്റ്ററില്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് വിരാട് കോലിക്ക്

മാഞ്ചസ്റ്റര്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം(England vs India 3rd ODI) നാളെ നടക്കും. മാഞ്ചസ്റ്ററില്‍(Emirates Old Trafford Manchester) ഇന്ത്യന്‍സമയം വൈകീട്ട് മൂന്നരയ്ക്കാണ് മത്സരം. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിനത്തില്‍ ഇന്ത്യ 10 വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് 100 റൺസിനും ജയിച്ചിരുന്നു. മോശം ഫോമിലുള്ള വിരാട് കോലിയാകും(Virat Kohli) വീണ്ടും ശ്രദ്ധാകേന്ദ്രം. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും സോണി ലൈവിലും മത്സരം നേരിട്ട് കാണാം. 

കോലിക്ക് കലിപ്പടക്കണം 

വിമര്‍ശനങ്ങളെയെല്ലാം മറികടക്കാന്‍ മാഞ്ചസ്റ്ററില്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കേണ്ടതുണ്ട് വിരാട് കോലിക്ക്. ലോര്‍ഡ്സിലെ രണ്ടാം ഏകദിനത്തില്‍ കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ പിടികൂടുകയായിരുന്നു. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസ് മാത്രമേ എടുത്തുള്ളൂ. ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം കോലി കളിച്ചിരുന്നില്ല. ഇനിയുള്ള വിന്‍ഡീസ് പര്യടനത്തില്‍ കോലി ടീമിലുമില്ല. 

അതേസമയം മത്സരത്തിന് മുമ്പ് ഇംഗ്ലണ്ട് മൂന്ന് താരങ്ങളെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹാരി ബ്രൂക്ക്, ഫില്‍ സാള്‍ട്ട്, മാറ്റ് പാര്‍ക്കിന്‍സണ്‍ എന്നിവരെയാണ് ടീമില്‍ നിന്നൊഴിവാക്കിയത്. ടി20 ബ്ലാസ്റ്റ് ഫൈനലില്‍ കളിക്കാനായാണ് മൂന്ന് താരങ്ങളേയും റിലീസ് ചെയ്തതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍‍ഡ് വ്യക്തമാക്കി. ടീമില്‍ നിന്ന് റിലീസ് ചെയ്ത ബ്രൂക്കിനും പാര്‍ക്കിന്‍സണും സാള്‍ട്ടിനും ഇതുവരെ അന്തിമ ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ശനിയാഴ്ച രാത്രിയാണ് ടി20 ബ്ലാസ്റ്റിന്‍റെ ഫൈനല്‍ നടക്കുന്നത്. ഇംഗ്ലണ്ട് ടീമിലുള്ള ആറ് കളിക്കാര്‍ക്ക് ടി20 ബ്ലാസ്റ്റിന്‍റെ സെമി, ഫൈനല്‍ മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്യും. 

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, അര്‍ഷ്‌ദീപ് സിംഗ്.

IND vs ENG : രണ്ട് പേരില്‍ ഒരാളോട് സംസാരിച്ചാല്‍ ഫോമിലെത്താം; കോലിക്ക് വഴിപറഞ്ഞ് കൊടുത്ത് മുന്‍താരം