Asianet News MalayalamAsianet News Malayalam

രോഹിത്തിന് സെഞ്ചുറി, ഓവലില്‍ ഇന്ത്യയ്ക്ക് 100 റണ്‍സ് ലീഡ്

ക്ഷമയുടെ ആള്‍രൂപമായിരുന്നു ഓവലില്‍ ഇന്ന് രോഹിത് ശര്‍മ. പൂജാരയെപ്പോലും വെല്ലുന്ന ക്ഷമ കാണിച്ച രോഹിത് ഒടുവില്‍ മൊയീന്‍ അലിയെ സിക്സിന് പറത്തി വിദേശത്തെ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി രോഹിത് സ്വന്തമാക്കി.

England vs India, 4th Test - Live Updates,Rohit hits ton, India lead crosses 100
Author
Oval Station, First Published Sep 4, 2021, 8:20 PM IST

ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ടെസ്റ്റില്‍ വിദേശത്തെ രോഹിത് ശര്‍മയുടെ ആദ്യ സെഞ്ചുറിയുടെയും ചേതേശ്വര്‍ പൂജാരയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ മൂന്നാം ദിനം  ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന ശക്തമായ നിലയിലാണ്. 126 റണ്‍സോടെ രോഹിത്തും 59 റണ്‍സോടെ പൂജാരയും ക്രീസില്‍. 46 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 100 റണ്‍സിന്‍റെ ലീഡുണ്ട്.

കാത്തിരിപ്പിനൊടുവില്‍ രോഹിത്തിന്‍റെ സെഞ്ചുറി

ക്ഷമയുടെ ആള്‍രൂപമായിരുന്നു ഓവലില്‍ ഇന്ന് രോഹിത് ശര്‍മ. പൂജാരയെപ്പോലും വെല്ലുന്ന ക്ഷമ കാണിച്ച രോഹിത് ഒടുവില്‍ മൊയീന്‍ അലിയെ സിക്സിന് പറത്തി വിദേശത്തെ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ചുറി രോഹിത് സ്വന്തമാക്കി. രോഹിത്തിന്‍റെ ഒമ്പതാം ടെസ്റ്റ് സെഞ്ചുറിയാണിത്. ലഞ്ചിന് മുമ്പെ രാഹുലിനെ നഷ്ടമായപ്പോള്‍ ഇന്ത്യ പതറുമെന്ന് കരുതിയെങ്കിലും പതിവില്‍ നിന്ന് വ്യത്യസ്തമായി ക്രീസിലെത്തിയപാടെ ആക്രമിച്ചു കളിച്ച ചേതേശ്വര്‍ പൂജാരയാണ് രോഹിത്തിന്‍റെയും ഇന്ത്യയുടെയും സമ്മര്‍ദ്ദം കുറച്ചത്. ആദ്യ അര്‍ധസെഞ്ചുറിയിലേക്ക് 145 പന്തുകള്‍ നേരിട്ട രോഹിത്ത് രണ്ടാമത്തെ അര്‍ധസെഞ്ചുറി നേടാന്‍ 59 പന്തുകള്‍ മാത്രമാണെടുത്തത്.

മൂന്നാം ദിനം തുടക്കത്തില്‍ റോറി ബേണ്‍സ് രോഹിത്തിനെ കൈവിട്ടതും ഇന്ത്യക്ക് അനുഗ്രഹമായി. 80 റണ്‍സ് പിന്നിട്ടതോടെ രോഹിത് ഗിയര്‍ മാറ്റി. ആന്‍ഡേഴ്സണെതിരെയും മൊയീന്‍ അലിക്കെതിരെയും ബൗണ്ടറികള്‍ നേടി രോഹിത് അതിവേഗം 90കള്‍ കടന്നു. ഒടുവില്‍ നേരിട്ട 204ാം പന്തില്‍ മൊയീന്‍ അലിയെ സിസ്കിന് പറത്തി രോഹിത് കാത്തിരുന്ന സെഞ്ചുറിയിലെത്തി. രണ്ടാം വിക്കറ്റില്‍ രോഹിത്-പൂജാര സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് ഇന്ത്യയുടെ ലീഡ് 100 കടത്തിയത്.

കരുതലോടെ തുടങ്ങി കരുത്താര്‍ജ്ജിച്ച് രാഹുലും രോഹിത്തും

വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്കായി രാഹുലും രോഹിത്തും കരുതലോടെയാണ് തുടങ്ങിയത്. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ക്രിസ് വോക്സും റോബിന്‍സണും തകര്‍ത്തെറിഞ്ഞതോടെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് കാര്യങ്ങള്‍ കടുപ്പമായി. എങ്കിലും കുറച്ചുകൂടി ആക്രമിച്ചു കളിച്ച രാഹുല്‍ സ്കോറിംഗ് വേഗം കൂട്ടി. പതിവില്‍ നിന്ന് വ്യത്യസ്തമായി നങ്കൂരമിട്ട് കളിച്ച രോഹിത് രാഹുലിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കുമെന്ന് തോന്നിച്ചു.

എന്നാല്‍ ആന്‍ഡേഴ്സണെ പന്തേല്‍പ്പിക്കാനുള്ള ജോ റൂട്ടിന്‍റെ തീരുമാനം ഫലിച്ചു. 46 റണ്‍സെടുത്ത് അര്‍ധസെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന രാഹുലിനെ മനോഹരമായൊരു ഔട്ട് സ്വിംഗറില്‍ ആന്‍ഡേഴ്സണ്‍ വീഴ്ത്തി. രാഹുലിന്‍റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോ കൈയിലൊതുക്കിയെങ്കിലും ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചില്ല. റിവ്യൂവിലൂടെയാണ് ഇംഗ്ലണ്ട് തീരുമാനം അനുകൂലമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-രോഹിത് സഖ്യം 83 റണ്‍സെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios