ലോര്‍ഡ്‌സ്: ലോക ചാമ്പ്യൻമാരായതിന് ശേഷം ആദ്യമായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന് വൻ നാണക്കേട്. അയർലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് വെറും 85 റൺസിന് പുറത്തായി. അയർലൻഡിനെതിരെ മൂന്നു താരങ്ങൾക്കേ രണ്ടക്കം കാണാനായുള്ളൂ. ബെയർസ്റ്റോയും മോയിൻ അലിയും വോക്സും പൂജ്യത്തിന് പുറത്തായി. 

ഒൻപത് ഓവറിൽ 13 റൺസിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ടിം മുർതാഗ് ആണ് ഇംഗ്ലണ്ടിനെ തകർത്തത്. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡെയര്‍ മൂന്നും റാന്‍കിന്‍ രണ്ടും വിക്കറ്റ് വീഴ്‌ത്തി. ലോർഡ്സിൽ ആദ്യമായാണ് ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് മുൻപ് പുറത്താവുന്നത്. 23 റണ്‍സെടുത്ത ജോണ്‍ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. 

മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലൻഡ് 207 റൺസിന് പുറത്തായി. ഒന്നാം ഇന്നിംഗ്സിൽ 122 റൺസ് ലീഡാണ് അയർലൻഡ് നേടിയത്. 55 റൺസെടുത്ത ആൻഡി ബാൽബിർണിയാണ് ടോപ് സ്കോറർ. സാം കറനും, സ്റ്റുവർട്ട് ബ്രോഡും അരങ്ങേറ്റക്കാരൻ ഒലീ സ്റ്റോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.