ലോര്‍ഡ്സ്: ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് അയര്‍ലന്‍ഡ് പുതിയ ചരിത്രമെഴുതുമോ. ഇംഗ്ലണ്ടിനെതിരായ ചതുര്‍ദിന ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നര ദിവസത്തെ കളി ബാക്കി നില്‍ക്കെ ചരിത്രനേട്ടത്തിലെത്താന്‍ അയര്‍ലന്‍ഡിന് വേണ്ടത് 182 റണ്‍സ്. 303/9 എന്ന സ്കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ അവസാന വിക്കറ്റും നഷ്ടമായി.

19 റണ്‍സുമായി പ്രതിരോധിച്ചു നിന്ന ഓലി സ്റ്റോണിനെ മാര്‍ക്ക് തോംപ്സണാണ് വീഴ്ത്തിയത്. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡെയറും സ്റ്റുവര്‍ട്ട് തോംപ്സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ബോഡി റാങ്കിന്‍ രണ്ട് വിക്കറ്റെടുത്തു. 92 റണ്‍സെടുത്ത ജാക് ലീച്ചാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.

ജേസണ്‍ റോയ് 72 റണ്‍സെടുത്തു. സാം കറന്‍ 37 റണ്‍സടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 21 റണ്‍സുമായി പുറത്താകാതെ നിന്നു. 182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയിലാണ്. രണ്ട് റണ്‍സെടുത്ത വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ വിക്കറ്റാണ് അയര്‍ലന്‍ഡിന് നഷ്ടമായത്. ക്രിസ് വോക്സിനാണ് വിക്കറ്റ്.