ലോർഡ്സിൻ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി കുറിക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനുമാണ് കോൺവെ. 1996ൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ​ഗാം​ഗുലിയും 2004ൽ ഇം​ഗ്ലണ്ട് നായകൻ ആൻഡ്ര്യു സ്ട്രോസുമാണ് ഈ നേട്ടത്തിൽ കോൺവെയുടെ മുൻ​ഗാമികൾ.

ലോർഡ്സ്: ഇം​ഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ന്യൂസിലൻഡിന് മേൽക്കൈ. ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ന്യൂസിലൻഡ് ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 246 റൺസെന്ന ശക്തമായ നിലയിലാണ്. ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ സെ‍ഞ്ചുറിയുമായി തിളങ്ങിയ ഓപ്പണർ ഡെവോൺ കോൺവെയുടെ ബാറ്റിം​ഗ് മികവിലാണ് കിവീസ് ആദ്യദിനം തന്നെ മേൽക്കൈ നേടിയത്. ആദ്യ ദിനം കളി നിർത്തുമ്പോൾ 136 റൺസുമായി കോൺവെയും 46 റൺസോടെ ഹെന്റി നിക്കോൾസും ക്രീസിൽ. ഇം​ഗ്ലണ്ടിനായി ഓലീ റോബിൻസൺ രണ്ട് വിക്കറ്റെടുത്തു.

ടോസ് നേടി ക്രീസിലിറങ്ങിയ ന്യൂസിലൻഡിനായി കോൺവെയും ടോം ലാഥമും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി നല്ല തുടക്കമിട്ടു. എന്നാൽ 23 റൺസെടുത്ത ലാഥമിനെ ബൗൾഡാക്കി ഓലീ റോബിൻസൺ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. ഓപ്പണിം​ഗ് വിക്കറ്റിൽ 58 റൺസാണ് ലാഥമും കോൺവേയും കൂട്ടിച്ചേർത്തത്. നായകൻ കെയ്ൻ വില്യംസൺ ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും ജെയിംസ് ആൻഡേഴ്സന് മുന്നിൽ പിഴച്ചു.

പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നിക്കോൾസ്-കോൺവെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടുയർത്തിയതോടെ ഇം​ഗ്ലണ്ടിന്റെ പിടി അയഞ്ഞു. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിച്ച കോൺവേ ഈ നേട്ടം കൈവരിക്കുന്ന പന്ത്രണ്ടാമത്തെ കിവീസ് താരമായി.

ബൗളർമാർക്ക് കാര്യമായ ആനൂകൂല്യം ലഭിക്കാത്ത പിച്ചിൽ നാലു പേസർമാരുമായി ഇറങ്ങിയ ഇം​ഗ്ലണ്ടിന്റെ തന്ത്രവും തിരിച്ചടിച്ചു. ബ്രോഡും മാർക്ക് വുഡും നിരാശപ്പെടുത്തിയതോടെ പാർട്ട് ടൈം സ്പിന്നറായ ഇം​ഗ്ലണ്ട് നായകൻ ജോ റൂട്ടിന് 12 ഓവർ എറിയേണ്ടിവന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.