മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വാലറ്റത്ത് യാസിര്‍ ഷാ നടത്തിയ ചെറുത്തു നില്‍പ്പിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് പാക്കിസ്ഥാന്‍ 277 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു. 24 പന്തില്‍ 33 റണ്‍സടിച്ച യാസിര്‍ ഷാ ആണ് പാക്കിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. എട്ടിന് 137 എന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ്  169 റണ്‍സില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായ സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വോക്സും സ്റ്റോക്സും ഡോം ബെസ്സും രണ്ട് വിക്കറ്റ് വീതം വീഴത്തി. ആന്‍ഡേഴ്സണ് വിക്കറ്റൊന്നും ലഭിച്ചില്ല.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് റണ്‍സോടെ ഡൊമനിക് സിബ്ലിയും 10 റണ്ണുമായി റോറി ബേണ്‍സും ക്രീസില്‍. മാഞ്ചസ്റ്ററില്‍ 250ന് മുകളിലുള്ള വിജയലക്ഷ്യം മുമ്പ് ഒരുതവണ മാത്രമെ ഒരു ടീമിന് പിന്തുടര്‍ന്ന് ജയിക്കാനായിട്ടുള്ളു. 2008ല്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡ് 294 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ഏറ്റവും വലിയ ചേസിംഗ്. പാക്കിസ്ഥാനെതിരെ നാലാം ഇന്നിംഗ്സില്‍ 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചത് 2007ലെ ഡല്‍ഹി ടെസ്റ്റില്‍ ഇന്ത്യയാണ്.

പേസില്‍ പിടിച്ചുകയറി ഇംഗ്ലണ്ട്

മൂന്നാം ദിനം 107 റണ്‍സ് ലിഡ് വഴങ്ങി 219 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് പേസര്‍മാരുടെ മികവായിരുന്നു.
29 റണ്‍സ് നേടിയ ആസാദ് ഷെഫീഖായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിംഗ്സിലെ സെഞ്ചുറി വീരന്‍ ഷാന്‍ മസൂദ് (0) പൂജ്യത്തിന് പുറത്തായപ്പോള്‍ ആബിദ് അലി (20), അസ്ഹര്‍ അലി (18), ബാബര്‍ അസം (5), മുഹമ്മദ് റിസ്‌വാന്‍ (27), ഷദാബ് ഖാന്‍ (15), ഷഹീന്‍ അഫ്രീദി (2) എന്നിവര്‍ക്കൊന്നും കാര്യമായ സംഭാവന ചെയ്യാനായില്ല.