ബ്രിസ്റ്റോള്‍: പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തലും ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഓപ്പണര്‍ ഇമാമുള്‍ ഹഖിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സടിച്ചപ്പോള്‍ ജോണി ബെയര്‍ സ്റ്റോയുടെ സെഞ്ചുറിയലൂടെ തിരിച്ചടിച്ച ഇംഗ്ലണ്ട് 44.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ബെയര്‍സ്റ്റോ 93 പന്തില്‍ 15 ഫോറും അഞ്ച് സിക്സറും പറത്തി 128 റണ്‍സടിച്ചപ്പോള്‍ സഹ ഓപ്പണറായ ജേസണ്‍ റോയ് 55 പന്തില്‍ 76 റണ്‍സടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 17.3 ഓവറില്‍ 159 റണ്‍സാണ് അടിച്ചെടുത്തത്. ജോ റൂട്ട്(43), ബെന്‍ സ്റ്റോക്സ്(38), മോയിന്‍ അലി(46 നോട്ടൗട്ട്), ഓയിന്‍ മോര്‍ഗന്‍(17 നോട്ടൗട്ട്) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്കോറര്‍മാര്‍. പാക്കിസ്ഥാന്റെ ഷഹീന്‍ അഫ്രീദി 10 ഓവറില്‍ 83 റണ്‍സ് വഴങ്ങിയപ്പോള്‍ ഫഹീം അഷ്റഫ് വിട്ടുകൊടുത്തത് ഒമ്പത് ഓവറില്‍ 75 റണ്‍സ്.

നേരത്തെ ഓപ്പണര്‍ ഇമാമുള്‍ ഹഖിന്റെ(131 പന്തില്‍ 151), ആസിഫ് അലി(52), ഹാരിസ് സൊഹൈല്‍(41) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് പാക്കിസ്ഥാന്‍ മികച്ച സ്കോറിലെത്തിയത്.