2013-ലെ ഐ.പി.എൽ സീസണിൽ 16 ഇന്നിങ്സുകളിൽ നിന്ന് ധോണി നേടിയ 461 റൺസെന്ന റെക്കോർഡാണ് സഞ്ജു ഇന്ന് മറികടന്നത്.
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ മഞ്ഞക്കുപ്പായത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഒരു ഐ.പി.എൽ സീസണിൽ ചെന്നൈ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററെന്ന ഇതിഹാസ താരം എം.എസ്. ധോണിയുടെ 13 വർഷം പഴക്കമുള്ള റെക്കോർഡാണ് ചെന്നൈ കുപ്പായത്തില്‍ ആദ്യ സീസണില്‍ തന്നെ സഞ്ജു മറികടന്നത്. ചെപ്പോക്കിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ നിർണായക പോരാട്ടത്തി 12റണ്‍സെടുത്തതോടെയാണ് സഞ്ജു ചരിത്രനേട്ടത്തിലെത്തിയത്.

2013-ലെ ഐ.പി.എൽ സീസണിൽ 16 ഇന്നിങ്സുകളിൽ നിന്ന് ധോണി നേടിയ 461 റൺസെന്ന റെക്കോർഡാണ് സഞ്ജു ഇന്ന് മറികടന്നത്. ഹൈദരാബദിനെതിരാ മത്സരത്തിനിറങ്ങുമ്പോള്‍ റെക്കോര്‍ഡ് നേട്ടത്തിലെത്താൻ സഞ്ജുവിന് 12 റൺസായിരുന്നു വേണ്ടിയിരുന്നത്. നിതീഷ് കുമാർ റെഡ്ഡി എറിഞ്ഞ മത്സരത്തിലെ ആദ്യ ഓവറിലെ ആദ്യ പന്ത് നോ ബോളായപ്പോള്‍ ഫ്രീ ഹിറ്റായ അടുത്ത പന്തില്‍ സിക്സ് അടിച്ച സഞ്ജു പിന്നീട് രണ്ട് ബൗണ്ടറികള്‍ കൂടി നേടി 6 പന്തിൽ 15 റൺസെടുത്ത് ആദ്യ ഓവറില്‍ തന്നെ ധോണിയെ മറികടന്നു. ചെന്നൈക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർമാരുടെ ആദ്യ 10 സ്ഥാനങ്ങളിൽ 9 എണ്ണവും ധോണിയുടെ പേരിലായിരുന്നു.
റെക്കോർഡ് നേട്ടത്തിന് പിന്നാലെ പ്രഫുൽ ഹിംഗെ എറിഞ്ഞ രണ്ടാം ഓവറിൽ തുടർച്ചയായ മൂന്ന് ബൗണ്ടറികൾ പായിച്ച് സഞ്ജു ചെന്നൈ ആരാധകരെ ആവേശത്തിലാഴ്ത്തി. എന്നാല്‍ ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സ് എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട സഞ്ജു ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തിൽ ഡ്രൈവിന് ശ്രമിച്ച് വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷന് ക്യാച്ച് നൽകി മടങ്ങി. 5 ഫോറും ഒരു സിക്സും പറത്തിയ സഞ്ജു 13 പന്തില്‍ 27 റണ്‍സെടുത്താണ് മടങ്ങിയത്. സീസണിൽ ചെന്നൈ കുപ്പായത്തില്‍ രണ്ട് സെഞ്ച്വറികളും ഒരു അര്‍ധസെഞ്ചുറിയും നേടിയ സഞ്ജു 13 മത്സരങ്ങളില്‍ 477 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്താണ്.
ചെന്നൈ സൂപ്പർ കിംഗ്സിനായി സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന നേട്ടവും ഒരു സീസണില്‍ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും ആദ്യ സീസണില്‍ തന്നെ സഞ്ജു സ്വന്തമാക്കിയിരുന്നു. എം.എസ്. ധോണിയും പാർത്ഥിവ് പട്ടേലും (2008) മാത്രമാണ് സഞ്ജുവിന് മുമ്പ് ഈ നേട്ടം കൈവരിച്ചത്.
സഞ്ജു വ്യക്തിഗത റെക്കോർഡ് സ്വന്തമാക്കിയെങ്കിലും ചെന്നൈ ടീമിനെ അലട്ടുന്നത് സഞ്ജു-റുതുരാജ് ഓപ്പണിംഗ് സഖ്യത്തിന്‍റെ ഫോമില്ലായ്മയാണ്. ഈ സീസണിൽ ഇരുവരും ഒന്നിച്ചുള്ള 13 കൂട്ടുകെട്ടുകളിൽ നിന്നും വെറും 25.84 മാത്രമാണ് ശരാശരി റൺസ് സഞ്ജു-റുതുരാജ് സഖ്യത്തിനുള്ളത്. ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.
