മാഞ്ചസ്റ്റര്‍: പാക്കിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സാക്ക് ക്രോളിയുടെ സെഞ്ചുറി മികവില്‍ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 332 റണ്‍സെടുത്തിട്ടുണ്ട്. 171 റണ്‍സുമായി സാക്ക് ക്രോളിയും 87 റണ്‍സോടെ ജോസ് ബട്‌ലറും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് ഇതുവരെ 205 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ടോസ് നേടി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആറ് റണ്‍സെടുത്ത റോറി ബേണ്‍സിനെ ഷഹീന്‍ അഫ്രീദി പുറത്താക്കി. ഡൊമനിക് സിബ്‌ളിയും ക്രോളിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയെങ്കിലും സിബ്‌ളിയെ(22) വീഴത്തി യാസിര്‍ ഷാ അടുത്ത പ്രഹരമേല്‍പ്പിച്ചു. ക്യാപ്റ്റന്‍ ജോ റൂട്ടിനൊപ്പം ഇംഗ്ലണ്ടിനെ 100 കടത്തിയ ക്രോളി ഇംഗ്ലണ്ടിന് മികച്ച സ്കോറിലേക്കുളള അടിത്തറയിട്ടു, എന്നാല്‍ റൂട്ടിനെ(29) നസീം ഷായും പിന്നാതെ എത്തിയ ഓലി പോപ്പിനെ(3) യാസിര്‍ ഷായും മടക്കിയതോടെ ഇംഗ്ലണ്ട് തകര്‍ച്ചയിലായി.

ജോസ് ബട്‌ലറില്‍ മികച്ച പങ്കാളിയെ കണ്ടെത്തിയ ക്രോളി സെഞ്ചുറി പൂര്‍ത്തിയാക്കി ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. അര്‍ധസെഞ്ചുറിയുമായി ബട്‌ലറും തിളങ്ങിയതോടെ ഇംഗ്ലണ്ട് ആദ്യദിനം തന്നെ 300 കടന്നു. പാക്കിസ്ഥാന് വേണ്ടി യാസിര്‍ ഷാ രണ്ട് വിക്കറ്റെടത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് മഴമൂലം സമനിലയില്‍ പിരിഞ്ഞിരുന്നു.