സതാംപ്ടണ്‍: കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് നിശ്ചലമായ കായികലോകത്തിന് വീണ്ടും പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കി ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് സതാംപ്ടണില്‍ തുടക്കമായി. 116 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ വീണ്ടും പുനരാരംഭിക്കുന്നത്.

മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു. സ്റ്റുവര്‍ട്ട് ബ്രോഡ് ഇല്ലാതെയാണ് ഇംഗ്ലണ്ട് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. മാര്‍ക്ക് വുഡ് ആണ് ബ്രോഡിന് പകരം അന്തിമ ഇലവനിലെത്തിയത്.

മത്സരത്തിലെ രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ഡോം സിബ്ലിയുടെ വിക്കറ്റ് നഷ്ടമായി. അക്കൗണ്ട് തുറക്കും മുമ്പെ ഷാനോണ്‍ ഗബ്രിയേലാണ് സിബ്ലിയുടെ വിക്കറ്റ് തെറിപ്പിച്ചത്.  ആദ്യ ദിനം മഴമൂലം കളി നിര്‍ത്തുമ്പോള്‍  ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയിലാണ്. 20 റണ്ണോടെ റോറി ബേണ്‍സും 14 റണ്‍സുമായി ജോ ഡെന്‍ലിയുമാണ് ക്രീസില്‍.