മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ നാലാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്‌ടം. രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് ഓവര്‍ മാത്രം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 37-2 എന്ന നിലയിലാണ്. ഓപ്പണറായി എത്തിയ ബെന്‍ സ്റ്റോക്‌സും(16*) നായകന്‍ ജോ റൂട്ടുമാണ്(8*) ക്രീസില്‍. വിക്കറ്റ് കീപ്പര്‍ ബട്ട്‌ലറെയും(0) സാക്കിനെയും(11) പേസര്‍ കെമര്‍ റോച്ച് ബൗള്‍ഡാക്കി. ഒരു ദിവസം അവശേഷിക്കേ ഇംഗ്ലണ്ടിന് ആകെ 219 റണ്‍സ് ലീഡുണ്ട്. 

32/1 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ വിന്‍ഡീസിനായി നൈറ്റ് വാച്ച്മാന്‍ അല്‍സാരി ജോസഫ് 32 റണ്‍സടിച്ചു. ടീം സ്കോര്‍ 70ല്‍ എത്തിച്ചാണ് അല്‍സാരി ജോസഫ് മടങ്ങിയത്. അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ ക്രെയ്ഡ് ബ്രാത്ത്‌വെയ്റ്റ്(75) ഷായ് ഹോപ്പിനെ കൂട്ടുപിടിച്ച് വിന്‍ഡീസ് സ്കോര്‍ 100 കടത്തി. 25 റണ്‍സെടുത്ത ഹോപ്പിനെ മടക്കി സാം കറന്‍ ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഷമര്‍ ബ്രൂക്സുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കി ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചു.

199ല്‍ നില്‍ക്കെ 75 റണ്‍സെടുത്ത ബ്രാത്ത്‌വെയ്റ്റിനെ സ്റ്റോക്സ് സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയതോടെ വിന്‍ഡീസിന്റെ തകര്‍ച്ച തുടങ്ങി. ബ്രൂക്സ്(68) ഒരറ്റത്ത് പൊരുതിയെങ്കിലും കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിനും വിക്കറ്റ് കീപ്പര്‍ ഷെയ്ന്‍ ഡൗറിച്ചിനും അക്കൗണ്ട് തുറക്കാനായില്ല. ഇരുവരെയും മടക്കി സ്റ്റുവര്‍ട്ട് ബ്രോഡാണ് വിന്‍ഡീസിന് ഇരട്ടപ്രഹരമേല്‍പ്പിച്ച്.

തൊട്ടുപിന്നാലെ ബ്രൂക്സിനെ ബ്രോഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ വിന്‍ഡീസ് ഫോളോ ഓണ്‍ ഭീഷണിയിലായി. ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ(2) വോക്സും മടക്കിയതോടെ കെമര്‍ റോച്ചിനെ കൂട്ടുപിടിച്ച് ഫോളോ ഓണ്‍ മറികടക്കേണ്ട ഉത്തരവാദിത്തം റോസ്റ്റണ്‍ ചേസിലായി. സാം കറനെ തുടര്‍ച്ചയായി ബൗണ്ടറി കടത്തി ചേസ് ഫോള്‍ ഓണ്‍ ഭീഷണി മറികടന്നു. ചേസ് 51 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ബ്രോഡും വോക്‌സും മൂന്ന് വീതവും സാം കറന്‍ രണ്ടും വിക്കറ്റെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച വിന്‍ഡീസ് മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്.