ലണ്ടന്‍: ആദ്യ ടെസ്റ്റ് വിജയത്തിന് അയര്‍ലന്‍ഡ് ഇനിയും കാത്തിരിക്കണം. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന ഏക ടെസ്റ്റില്‍ 143 റണ്‍സിനായിരുന്നു അയര്‍ലന്‍ഡിന്റെ തോല്‍വി. രണ്ടാം ഇന്നിങ്‌സില്‍ 182 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് അയര്‍ലന്‍ഡ് 38ന് എല്ലാവരും പുറത്തായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏഴാമത്തെ ഏറ്റവും ചെറിയ സ്‌കോറാണിത്. ആറ് വിക്കറ്റ് നേടിയ ക്രിസ് വോക്‌സും നാല് വിക്കറ്റ് നേടിയ സ്റ്റുവര്‍ട്ട് ബ്രോഡും അയര്‍ലന്‍ഡിനെ ചുരുട്ടിക്കെട്ടുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 85/10 & 303/10. അയര്‍ലന്‍ഡ് 207/10 & 38/10.

11 റണ്‍സ് നേടിയ ജയിംസ് മക്കല്ലത്തിന് മാത്രമാണ് ഐറിഷ് നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചത്. 15.4 ഓവറില്‍ അയര്‍ലന്‍ഡ് താരങ്ങള്‍ കൂടാരം കയറുകയായിരുന്നു. വില്യം പോര്‍ട്ടര്‍ഫീല്‍ഡ് (2), ആന്‍ഡ്രൂ ബാല്‍ബിര്‍നി (5), പോള്‍ സ്റ്റിര്‍ലിങ് (0), കെവിന്‍ ഒബ്രിയാന്‍ (4), ഗാരി വില്‍സണ്‍ (0), സ്റ്റുവര്‍ട്ട് തോംപ്‌സണ്‍ (4), മാര്‍ക് അഡൈര്‍ (8), ആന്‍ഡി മാക്ബ്രിന്‍ (0), ടിം മുര്‍താ (2) എന്നിവരാണ് പുറത്തായ മറ്റു ഐറിഷ് താരങ്ങള്‍. ബോയ്ഡ് റാങ്കിന്‍ (0) പുറത്താവാതെ നിന്നു. 

നേരത്തെ, 303/9 എന്ന സ്‌കോറില്‍ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ പന്തില്‍ തന്നെ അവസാന വിക്കറ്റും നഷ്ടമായി. റണ്‍സൊന്നുമെടുക്കാതെ നിന്ന ഒല്ലി സ്റ്റോണിനെ മാര്‍ക്ക് തോംപ്‌സണാണ് വീഴ്ത്തിയത്. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡൈറും സ്റ്റുവര്‍ട്ട് തോംപ്‌സണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റാങ്കിന്‍ രണ്ട് വിക്കറ്റെടുത്തു. 92 റണ്‍സെടുത്ത ജാക് ലീഷാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജേസണ്‍ റോയ് 72 റണ്‍സെടുത്തു. സാം കറന്‍ 37 റണ്‍സടിച്ചപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡ് 21 റണ്‍സുമായി പുറത്താകാതെ നിന്നു.