മാഞ്ചസ്റ്റര്‍: പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് ജയം. മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. ആദ്യ ടി20 മഴ കാരണം മുടങ്ങിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 19.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 

ഓയിന്‍ മോര്‍ഗന്‍ (33 പന്തില്‍ 66), ഡേവിഡ് മലാന്‍ (36 പന്തില്‍ പുറത്താവാതെ 54) എന്നിവരാണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്. ജോണി ബെയര്‍സ്‌റ്റോ 24 പന്തില്‍ 44 റണ്‍സെടുത്തു. ടോം ബാന്റണ്‍ (16 പന്തില്‍ 20) ബെയര്‍‌സ്റ്റോ എന്നിവര്‍ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടച്ചേര്‍ത്തു. ബെയര്‍സ്‌റ്റോയാണ് ആദ്യം പുറത്തായത്. ഷദാബ് ഖാനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ ബാന്റണും പുറത്തായി. 

എന്നാല്‍ മലാന്‍- മോര്‍ഗന്‍ സഖ്യം ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ഇരുവരും 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇടയ്ക്ക് മോര്‍ഗ, മൊയീന്‍ അലി (1), സാം ബില്ലിംഗ്‌സ് (10) എന്നിവര്‍ പുറത്തായെങ്കിലും മലാനൊപ്പം ലൂയിസ് ഗ്രിഗറി ടീമിനെ വിജയത്തിലേക്ക് നയിച്ചു. പാകിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ മുഹമ്മദ് ഹഫീസ് (36 പന്തില്‍ 69) ബാബര്‍ അസം (44 പന്തില്‍ 56) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അസം- ഫഖര്‍ സമാന്‍ സഖ്യം പാകിസ്ഥാന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒമ്പതാം ഓവറിലാണ് പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായത്. സമാനെ ആദില്‍ റഷീദ് പുറത്താക്കി. പിന്നാലെ ഹഫീസുമൊത്ത് അസം 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അസമിനെ പുറത്താക്കി റഷീദ് വീണ്ടും ഇംഗ്ലണ്ടിന് ബ്രേക്ക്ത്രൂ നല്‍കി. 44 പന്തില്‍ ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അസമിന്റെ ഇന്നിങ്‌സ്. ഹഫീസ് അഞ്ച് ഫോറും നാല് സിക്‌സും കണ്ടെത്തി. 

വെറ്ററന്‍ താരം ഷൊയ്ബ് മാലിക്ക് (14) നേരത്തെ പുറത്തായെങ്കിലും ഇഫ്തിഖര്‍ അഹമ്മദു (പുറത്താവാതെ 8 )മൊത്ത് ഹഫീസ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറിലാണ് ഹഫീസ് പുറത്തായത്. ഇഫ്തിഖറിനൊപ്പം ഷദാബ് ഖാന്‍ (0) പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദ് രണ്ട് വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദാന്‍, ടോം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ആദ്യ മത്സരം മഴ മുടക്കിയിരുന്നു.