സതാംപ്‌ടണ്‍: അയർലൻഡിന് എതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റ് ജയം. 173 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 28-ാം ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തി അയർലൻഡിനെ പിടിച്ചുകെട്ടിയ ഇംഗ്ലീഷ് താരം ഡേവിഡ് വില്ലി ആണ് മാൻ ഓഫ് ദി മാച്ച്. 
 
സതാംപ്‌ടണില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡിന് 172 റണ്‍സേ നേടാനായുള്ളൂ. കുര്‍ട്ടിസ് കാംഫര്‍ 59 ഉം ആന്‍ഡി മക്‌ബ്രൈന്‍ 40 ഉം റണ്‍സെടുത്തത് ഒഴിച്ചാല്‍ അയര്‍ലന്‍ഡ് നിരയില്‍ ആരും തിളങ്ങിയില്ല. അഞ്ച് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഓപ്പണര്‍മാരായ ഗാരെത് 22 ഉം സ്റ്റിര്‍ലിങ് രണ്ടും റണ്‍സെടുത്ത് മടങ്ങി. നായകന്‍ ആന്‍ഡി ബാല്‍ബിര്‍ണീക്ക് നേടാനായത് മൂന്ന് റണ്‍സ്. വില്ലിയുടെ അഞ്ച് വിക്കറ്റിന് പുറമെ സാദിഖ് മുഹമ്മദിന്‍റെ രണ്ടും ആദില്‍ റഷീദിന്‍റെയും ടോം കറന്‍റെയും ഓരോ വിക്കറ്റും അയര്‍ലന്‍ഡിന്‍റെ പതനം പൂര്‍ണമാക്കി. 

വിജയം അനായാസമായിരുന്നെങ്കിലും ഇംഗ്ലണ്ടിന് തുടക്കം മോശമായി. ജോണി ബെയര്‍സ്റ്റോ രണ്ടും ജാസന്‍ റോയ് 24 ഉം റണ്‍സില്‍ പുറത്തായി. എന്നാല്‍ പുറത്താകാതെ 67 റണ്‍സെടുത്ത സാം ബില്ലിങ്‌സും നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ 36* റണ്‍സും 27.5 ഓവറില്‍ ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചു. ജെയിംസ് വിന്‍സ് 25 ഉം ടോം ബാന്‍റണ്‍ 11 ഉം റണ്‍സ് നേടി. അയര്‍ലന്‍ഡിനായി ക്രെയ്‌ഗ് യങ് രണ്ടും മക്‌ബ്രൈനും കാംഫറും ഓരോ വിക്കറ്റും നേടി. പരമ്പരയിലെ രണ്ടാം മൽസരം നാളെ നടക്കും.