ദുബായ്: ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ റെക്കോര്‍ഡുമായി ഇംഗ്ലണ്ട് താരം ഡേവിഡ് മലന്‍. ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് ടി20 പരമ്പരക്കുശേഷം പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിംഗില്‍ 915 റേറ്റിംഗ് പോയന്‍റുമായി ഡേവിഡ് മലന്‍ ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ടി20 റാങ്കിംഗില്‍ ഒരു ബാറ്റ്സ്മാന്‍ 900 റേറ്റിംഗ് പോയന്‍റ് പിന്നിടുന്നത്.

2018 ജൂലൈയില്‍ ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് 900 പോയന്‍റിലെത്തിയതായിരുന്നു ഇതുവരെ ഒരു ബാറ്റ്സ്മാന് ലഭിച്ച ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് പോയന്‍റ്.  874 റേറ്റിംഗ് പോയന്‍റുമായി പാക് നായകന്‍ ബാബര്‍ അസം ആണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനായി 47 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്ന മലന്‍ അനായാസ ജയം സമ്മാനിച്ചിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിലും മലന്‍ അര്‍ധസെഞ്ചുറിയുമായി ടീമിന്‍റെ വിജയശില്‍പിയായിരുന്നു.

ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ 835 റേറ്റിംഗ് പോയന്‍റുമായി ആരോണ്‍ ഫിഞ്ച് മൂന്നാമതും 824 റേറ്റിംഗ് പോയന്‍റുള്ള ഇന്ത്യയുടെ കെ എല്‍ രാഹുല്‍ നാലാമതുമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റിംഗ് റാങ്കിംഗില്‍ ഒമ്പതാമതാണ്.  രോഹിത് ശര്‍മ പത്താം സ്ഥാനത്തുണ്ട്. ബൗളിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ല. ജസ്പ്രീത് ബുമ്ര പതിനൊന്നാം സ്ഥാനത്താണ്.

ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തൂത്തുവാരിയതോടെ ടീം റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തി. ഇരുടീമിനും 275 റേറ്റിംഗ് പോയന്‍റ് വീതമാണുള്ളത്. ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നാലാം സ്ഥാനത്താണ്.