ലണ്ടന്‍: ചൊവ്വാഴ്ച നടക്കുന്ന  ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‌ലറെ ഒഴിവാക്കി. ടീമിന്റെ ബയോ സെക്യുര്‍ ബബ്ബിളിന് പുറത്ത് പോയതിനാലാണ് ബട്‌ലറെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. വെസ്റ്റ് ഇന്‍ഡീസിനും പാക്കിസ്ഥാനുമെതിരായ ടെസ്റ്റ് പരമ്പരയിലും ഇംഗ്ലണ്ട് ടീമിലുണ്ടായിരുന്ന ബട്‌ലര്‍ രണ്ട് മാസമായി ബയോ സെക്യുര്‍ ബബ്ബിളിനകത്താണ് കഴിയുന്നത്.

എന്നാല്‍ ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20ക്കുശേഷം ബട്‌ലര്‍ കുടുംബത്തോടൊപ്പം കഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. രണ്ടാം ടി20യില്‍ 77 റണ്‍സെടുത്ത ബട്‌ലറുടെ മികവിലാണ് ഇംഗ്ലണ്ട് മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി വ്യാഴാഴ്ച കൊവിഡ് പരിശോധനക്ക് വിധേയനായശേഷം ബട്‌ലര്‍ വീണ്ടും ടീമിന്റെ ബയോ സെക്യൂര്‍ ബബ്ബിളില്‍ തിരിച്ചെത്തുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് 2-0ന് മുന്നിലാണ്. രണ്ടാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തപ്പോള്‍ ബട്‌ലറുടെയും(77) ഡേവിഡ് മലന്റെയും(42) ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ട് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ടി20 പരമ്പരക്കുശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടും.