പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനായി രണ്ടാം മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയാവന്നത് പ്രമുഖ താരങ്ങളുടെ പരിക്കാണ്.

പൂനെ: ഇന്ത്യക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരകള്‍ക്ക് പിന്നാലെ ഏകദിന പരമ്പരയും നഷ്ടമാകുന്നതിന്‍റെ വക്കിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെള്ളിയാഴ്ച ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിനത് ജീവന്‍മരണപ്പോരാട്ടമാണ്. ആദ്യ മത്സരത്തിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ രണ്ടാം മത്സരവും തോറ്റാല്‍ ഏകദിന പരമ്പരയും കൈവിട്ടുപോവും.

പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്താനായി രണ്ടാം മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടിയാവന്നത് പ്രമുഖ താരങ്ങളുടെ പരിക്കാണ്. പരമ്പരക്ക് മുമ്പെ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയെങ്കില്‍ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും സാം ബില്ലിംഗ്സിനും രണ്ടാം മത്സരത്തില്‍ കളിക്കുമോ എന്ന് ഉറപ്പില്ല.

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ മോര്‍ഗന്‍ പരിക്കേറ്റ കൈയുമായി ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. ഫീല്‍ഡിംഗിനിടെ പന്ത് കൈയില്‍ കൊണ്ട് മുറിഞ്ഞ മോര്‍ഗന്‍റെ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയില്‍ നാല് തുന്നലുകള്‍ ഇട്ടിട്ടുണ്ട്.

അതേസമയം, കഴുത്തിന് പരിക്കുണ്ടായിരുന്ന സാം ബില്ലിംഗ്സും ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും കാര്യമായി ഒന്നു ചെയ്യാനായിരുന്നില്ല. ബില്ലിംഗ്സ് പുറത്തിരിക്കുകയാണെങ്കില്‍ ലിയാം ലിംവിംഗ്സറ്റണ് ഇംഗ്ലണ്ട് ടീമില്‍ അവസരമൊരുങ്ങുമെന്നാണ് സൂചന. മോര്‍ഗനും പുറത്തിരിക്കേണ്ടി വന്നാല്‍ മാറ്റ് പാര്‍ക്കിന്‍സണോ, റീസ് ടോപ്‌ലിയോ ഇംഗ്ലണ്ട് നിരയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.