ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സിന് പാലക്കാടിനെ 31 റണ്‍സിനും എറണാകുളം തൃശൂരിനെ 19 റണ്‍സിനുമാണ് തോല്‍പ്പിച്ചത്.

തിരുവനന്തപുരം: കെസിഎ - എന്‍ എസ് കെ ട്വന്റി 20 ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളവും കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സും സെമിയിലേക്ക് മുന്നേറി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സിന് പാലക്കാടിനെ 31 റണ്‍സിനും എറണാകുളം തൃശൂരിനെ 19 റണ്‍സിനുമാണ് തോല്‍പ്പിച്ചത്. നാളെ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മലപ്പുറം കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സിനെയും തിരുവനന്തപുരം എറണാകുളത്തെയും നേരിടും. വിനൂപ് മനോഹരന്റെ ഓള്‍റൌണ്ട് മികവിനൊപ്പം മുഹമ്മദ് ഷാനുവിന്റെയും സഞ്ജീവ് സതീശന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങുമാണ് കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സിന് പാലക്കാടിനെതിരെ അനായാസ വിജയം സമ്മാനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത കംബൈന്‍ഡ് ഡിസ്ട്രിക്ട്‌സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു. മുഹമ്മദ് ഷാനു 19 പന്തുകളില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമടക്കം 46 റണ്‍സെടുത്തു. സഞ്ജീവ് സതീശന്‍ 25 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 53 റണ്‍സുമായി പുറത്താകാതെ നിന്നു. വിനൂപ് മനോഹരന്‍ 49ഉം മാനവ് കൃഷ്ണ 20ഉം റണ്‍സ് നേടി. പാലക്കാടിന് വേണ്ടി പ്രവീണ്‍ കുമാര്‍, ജൈവിന്‍ ജാക്‌സന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാലക്കാടിന് വിഷ്ണു മേനോന്‍ രഞ്ജിതും അശ്വിന്‍ ആനന്ദും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. 

വിഷ്ണു 27ഉം അശ്വിന്‍ 38ഉം റണ്‍സെടുത്തു. ഇരുവര്‍ക്കും ശേഷമെത്തിയവര്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിയാതെ വന്നതോടെ 20 ഓവറില്‍ 162 റണ്‍സിന് പാലക്കാട് ഓള്‍ ഔട്ടായി. ഗോകുല്‍ ഗോപിനാഥും വിനൂപ് മനോഹരനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

രണ്ടാം മത്സരത്തില്‍ തൂശൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത എറണാകുളം 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. ഓപ്പണര്‍ വിപുല്‍ ശക്തിയുടെയും ക്യാപ്റ്റന്‍ ഗോവിന്ദ് ദേവ് പൈയുടെയും ഉജ്ജ്വല ഇന്നിങ്‌സുകളാണ് എറണാകുളത്തിന് കൂറ്റന്‍ സ്‌കോര്‍ നല്കിയത്. വിപുല്‍ ശക്തി 38 പന്തുകളില്‍ നിന്ന് 50 റണ്‍സെടുത്തു. ഗോവിന്ദ് ദേവ് പൈ 45 പന്തുകളില്‍ നിന്ന് 64 റണ്‍സുമായി പുറത്താകാതെ നിന്നു. 17 പന്തുകളില്‍ 28 റണ്‍സ് നേടിയ കെ ആര്‍ രോഹിത്, 15 പന്തുകളില്‍ 26 റണ്‍സ് നേടിയ പ്രീതിഷ് പവന്‍ എന്നിവരും എറണാകുളത്തിനായി തിളങ്ങി. 

തൃശൂരിനായി ആതിഫ് ബിന്‍ അഷ്‌റഫും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂരിന് വേണ്ടി കെ എ അരുണ്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, ഒറ്റയാള്‍പോരാട്ടമായി അവസാനിച്ചു. അരുണിനൊഴികെ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താനായില്ല. അരുണ്‍ 49 പന്തുകളില്‍ 78 റണ്‍സെടുത്തു. ആകര്‍ഷ് 24ഉം ഷറഫുദ്ദീന്‍ 23ഉം റണ്‍സ് നേടി. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് തൃശൂരിന് നേടാനായത്. നാല് വിക്കറ്റ് വീഴ്ത്തിയ വി അജിത്തും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഇബ്‌നുള്‍ അല്‍ത്താഫുമാണ് എറണാകുളത്തിന്റെ ബൌളിങ് നിരയില്‍ തിളങ്ങിയത്. വി അജിത്താണ് കളിയിലെ താരം.