അവൻ എങ്ങനെയാണ് ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാം. അത് അവരുടെ തീരുമാനമാണ്, പക്ഷേ അവിടെ അവൻ ഒരു രാജാവിനെപ്പോലെയാണ് പരിഗണിക്കപ്പെടുന്നത്.
ചെന്നൈ: സഞ്ജു സാംസണ്‍ ടീം വിട്ടപ്പോള്‍ റിയാൻ പരാഗിനെ രാജസ്ഥാൻ റോയൽസിന്‍റെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകനും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. നായകനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോയതിന് പിന്നാലെയാണ് 24-കാരനായ പരാഗിനെ രാജസ്ഥാൻ നായകനായി പ്രഖ്യാപിച്ചത്. എന്നാൽ ഈ തീരുമാനത്തിന് പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലിൽ നടന്ന ചർച്ചയില്‍ പറഞ്ഞു.
റിയാൻ പരാഗ് എങ്ങനെയാണ് ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു ശ്രീകാന്തിന്‍റെ പരിഹാസം. അവൻ എങ്ങനെയാണ് ക്യാപ്റ്റനായതെന്ന് എല്ലാവർക്കും അറിയാം. അത് അവരുടെ തീരുമാനമാണ്, പക്ഷേ അവിടെ അവൻ ഒരു രാജാവിനെപ്പോലെയാണ് പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ പരാഗ് അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. അതിന് മുൻപത്തെ വർഷം നന്നായി കളിച്ചു എന്നത് സത്യമാണ്. പക്ഷേ കഴിഞ്ഞ വർഷം എടുത്തുപറയാവുന്ന ഒന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.
രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾ ടീമിലുള്ളപ്പോൾ എന്തിനാണ് പരാഗിനെ തിരഞ്ഞെടുത്തതെന്നും ശ്രീകാന്ത് ചോദിച്ചു. കഴിഞ്ഞ സീസണിൽ സഞ്ജുവിന് പരിക്കേറ്റപ്പോൾ 8 മത്സരങ്ങളിൽ പരാഗ് ടീമിനെ നയിച്ചിരുന്നു. എന്നാൽ അതിൽ 2 മത്സരങ്ങളിൽ മാത്രമാണ് ടീമിന് വിജയിക്കാനായത്. രാജസ്ഥാൻ റോയൽസിന്‍റെ ഈ സീസണിലെ സാധ്യതകളെക്കുറിച്ചും ശ്രീകാന്ത് മനസ് തുറന്നു.
ടീം അപകടകാരികളാണെങ്കിലും സ്ഥിരതയില്ലായ്മ വിനയാകുമെന്ന് ശ്രീകാന്ത് പറഞ്ഞു. യശസ്വി ജയ്‌സ്വാൾ - വൈഭവ് സൂര്യവൻഷി ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍റെ ഏറ്റവും വലിയ കരുത്ത്. ടീമിലെ ടോപ്പ് ഓർഡറിൽ രണ്ടുപേർ തിളങ്ങിയാൽ അവർ ഏതൊരു ടീമിനെയും തകർക്കും. എന്നാൽ സ്വയം തകർന്നടിയാനുള്ള പ്രവണതയും ഈ ടീമിനുണ്ട്. രാജസ്ഥാൻ ഒരു കിരീടം നേടാൻ സാധ്യതയുള്ള ടീമാണെന്ന് താൻ കരുതുന്നില്ലെന്നും പ്ലേ ഓഫ് പ്രവേശനം പോലും 50-50 സാധ്യത മാത്രമാണെന്നും ശ്രീകാന്ത് കൂട്ടിിച്ചേർത്തു.
