കൊച്ചി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ടപ്പോള്‍ ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളായിരുന്നവരില്‍ തന്നെ പിന്തുണച്ചത് രണ്ട് പേര്‍ മാത്രമെന്ന് മലയാളി താരം എസ് ശ്രീശാന്ത്. വീരേന്ദര്‍ സെവാഗും വിവിഎസ് ലക്ഷ്മണും മാത്രമെ തന്നെ പരസ്യമായി പിന്തുണച്ചിരുന്നുള്ളുവെന്ന് ശ്രീശാന്ത് ഇന്ത്യ ടുഡേയോട് പറഞ്ഞു.

അന്നെന്റെ സഹതാരങ്ങളായിരുന്ന ഒരുപാട് കളിക്കാരോട് ഇന്ന് ഞാന്‍ സംസാരിക്കുന്നുണ്ട്. സച്ചിനോടും സെവാഗിനോടുമെല്ലാം. സച്ചിനോട് അടുത്തിടെ ട്വിറ്ററിലൂടെ ആശയവിനിമയം നടത്തിയിരുന്നു. സെവാഗും ഞാനും  എപ്പോഴം പരസ്പരം മെസേജുകള്‍ അയക്കാറുണ്ട്. അടുത്തിടെ ഗൗതം ഗംഭീറിനെ കണ്ടിരുന്നു.

എന്നാല്‍ മുമ്പ് ഇതായിരുന്നില്ല സ്ഥിതി. വാതുവെപ്പ് വിവാദത്തില്‍പ്പെട്ടിരുന്ന കാലത്ത് ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളില്‍ ഭൂരിഭാഗവും പൊതു ഇടങ്ങളില്‍ എന്നില്‍ നിന്ന് അകലം പാലിക്കാനാണ് ശ്രമിച്ചത്. മൂന്നോ നാലോ പേര്‍ മാത്രമാണ് എന്നോട് സൗഹൃദം തുടര്‍ന്നത്. എനിക്കെതിരെ കോടതി നടപടികള്‍ പുരോഗമിക്കുന്ന സമയമായതിനാല്‍ അവരുടെ അവസ്ഥയും ഞാന്‍ മനസിലാക്കുന്നുണ്ട്. ഞാനും അവരോട് അങ്ങോട്ട് പോയി ബന്ധം തുടരാന്‍ ശ്രമിച്ചിരുന്നുമില്ല.

Also Read: അക്തറുടെ അതിവേഗ പന്തിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള ഇന്ത്യന്‍ ബൗളര്‍; മറുപടിയുമായി ശ്രീശാന്ത്

കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ പതുക്കെ മെച്ചപ്പെട്ടു. അടുത്തിടെ ഞാന്‍ ഹര്‍ഭജനെ വിമാനത്താവളത്തില്‍ വെച്ച് കണ്ടിരുന്നു. അദ്ദേഹത്തോട് ഞാന്‍ താങ്കളുടെ സ്ഥാപനമായ ഭാജു സ്പോര്‍ട്സിന്റെ ബാറ്റ് ഉപയോഗിച്ചാണ് ബാറ്റിംഗ് പരിശീലനം നടത്തുന്നത് എന്ന് പറഞ്ഞു-ശ്രീശാന്ത് പറഞ്ഞു.

ബിസിസിഐ ഏര്‍പ്പെടുത്തിയ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് കോടതി പിന്നീട് ഏഴ് വര്‍ഷമായി കുറച്ചിരുന്നു. പ്രായം 37 ആയെങ്കിലും ഇന്ത്യക്കായി വീണ്ടും കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. ഇന്ത്യക്കായി ഇനിയും കളിക്കാന്‍ കഴിയുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്നാണ് എന്റെ ലക്ഷ്യം.

അതിന് മുമ്പ് കേരള ടീമില്‍ തിരിച്ചെത്തണം. അവിടെ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമെ എനിക്ക് ഇന്ത്യന്‍ ടീം സ്വപ്നം കാണാനാകു. ഇന്ത്യന്‍ ജേഴ്സിയില്‍ വീണ്ടും കാണാനാകുമെന്ന് ശുഭപ്രതീക്ഷയിലാണ് താനെന്നും ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന വിവിധ നിറത്തിലുള്ള തന്റെ ഇന്ത്യന്‍ ജേഴ്സികള്‍ക്ക് നേരെ വിരല്‍ചൂണ്ടി ശ്രീശാന്ത് പറഞ്ഞു. 2011  ലോകകപ്പ് ഫൈനലിലാണ് ഏകദിനത്തില്‍ ശ്രീശാന്ത് അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ആറ് മാസത്തിനുശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും ശ്രീശാന്ത് ഇന്ത്യക്കായി കളിച്ചു.