മുംബൈ: വെസ്റ്റ് ഇന്‍ഡീസിന് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവുമധികം നിരാശരാക്കിയത് യുവതാരം ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ തീരുമാനമായിരുന്നു. ടെസ്റ്റ്, ടി20, ഏകദിന ടീമുകളില്‍ നിരവധി യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയപ്പോഴും വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എക്കായി മികച്ച പ്രകടനം പ്രകടനം പുറത്തെടുത്ത ഗില്ലിനെ ഒരു ടീമിലും സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എക്കായി ടോപ് സ്കോററായത് ഗില്ലായിരുന്നു.

വിന്‍ഡീസ് പരമ്പരക്കുളള ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിച്ചിരുന്നുവെന്ന് ഗില്‍ ക്രിക്കറ്റ് നെക്സ്റ്റിനോട് പറഞ്ഞു. ഞായറാഴ്ച ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഞാന്‍. ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിലേതെങ്കിലും ഒന്നില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ടീമിലെടുക്കാത്തതില്‍ നിരാശയുണ്ടെങ്കിലും അതിനേക്കുറിച്ചാലോചിച്ച് സമയം കളയുന്നില്ലെന്നും തുടര്‍ച്ചയായി മികച്ച പ്രകടനം പുറത്തെടുത്ത് സെലക്ടര്‍മാരില്‍ മതിപ്പുളവാക്കുമെന്നും ഗില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വിന്‍ഡീസിനെതിരായ പരമ്പര വ്യക്തിപരമായി തനിക്കേറെ ഗുണം ചെയ്തുവെന്നും എങ്കിലും നേടിയ അര്‍ധസെഞ്ചുറികള്‍ സെഞ്ചുറിയാക്കി മാറ്റാമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും ഗില്‍ പറഞ്ഞു. അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച് മുന്നോട്ടുപോവും. ആക്രമണോത്സുകത മാറ്റിവെച്ച് സാഹചര്യത്തിന് അനുസരിച്ച് കളിക്കുക എന്നതാണ് വിന്‍ഡീസ് പരമ്പരയില്‍ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠമെന്നും ഗില്‍ പറഞ്ഞു.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ഗില്‍ രഞ്ജി ട്രോഫിയില്‍ 700 ല്‍ അധികം റണ്‍സടിച്ച് മികവ് കാട്ടിയിരുന്നു. ഇന്ത്യ എക്കായി ഇതുവരെ കളിച്ച 38 മത്സരങ്ങളില്‍ നിന്ന് 45.44 റണ്‍സ് ശരാശരിയില്‍ 1545 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം.