ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടീം ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ പഴികളേറെ കേള്‍ക്കുന്ന താരമാണ് സഞ്ജു സാംസണ്‍

പാള്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് നടക്കുമ്പോള്‍ ടീം ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണിന്‍റെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ഫോമിലല്ലാത്ത തിലക് വര്‍മ്മ പ്ലേയിംഗ് ഇലവന് പുറത്തായാല്‍ സഞ്ജുവിന് ഇന്ന് സ്ഥാനക്കയറ്റം ലഭിച്ചേക്കും. ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തുന്നതിനുള്ള ഈ അവസാന അവസരം സഞ്ജു വിനിയോഗിച്ചാല്‍ അത് വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാവും. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ പഴികളേറെ കേള്‍ക്കുകയാണ് സഞ്ജു സാംസണ്‍. ടീം ഇന്ത്യ കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ആദ്യ ഏകദിനത്തില്‍ സഞ്ജുവിന് ബാറ്റിംഗിന് ഇറങ്ങാന്‍ അവസരം ലഭിച്ചില്ല. രണ്ടാം മത്സരത്തിലാവട്ടെ വേണമെങ്കില്‍ സെഞ്ചുറി പോലും നേടാനുള്ള ഓവറുകള്‍ ബാക്കിയുണ്ടായിട്ടും 23 പന്തില്‍ 12 റണ്‍സുമായി പുറത്തായി. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 32-ാം ഓവറിലെ അവസാന പന്തില്‍ അലക്ഷ്യമായായിരുന്നു സഞ്ജുവിന്‍റെ മടക്കം. അതേസമയം ട്വന്‍റി 20 പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും വണ്‍ഡൗണ്‍ ബാറ്റര്‍ തിലക് വര്‍മ്മ നിരാശപ്പെടുത്തുകയും ചെയ്തു. 1*, 10 എന്നിങ്ങനെയാണ് ആദ്യ രണ്ട് ഏകദിനങ്ങളില്‍ തിലകിന്‍റെ സ്കോര്‍. ഈ സാഹചര്യത്തില്‍ തിലകിനെ താല്‍ക്കാലികമായി പ്ലേയിംഗ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനെ കുറിച്ച് ടീം മാനേജ്‌മെന്‍റ് ചിന്തിച്ചേക്കും. 

തിലക് വര്‍മ്മ പ്ലേയിംഗ് ഇലവന് പുറത്തായാല്‍ പുതുമുഖം രജത് പടിദാറാണ് പ്ലേയിംഗ് ഇലവനിലെത്തേണ്ടത്. എന്നാല്‍ പരിചയസമ്പത്ത് മുന്‍നിര്‍ത്തി സഞ്ജു സാംസണെ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ടീം ശ്രമം നടത്തിയേക്കും. അഞ്ചാം നമ്പറിന് ഉചിതമായ താരമാണ് രജത്. കഴിഞ്ഞ രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണായിരുന്നു അഞ്ചാം നമ്പര്‍ ബാറ്റര്‍. മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം കിട്ടിയാല്‍ അത് സഞ്ജുവിന് ജീവന്‍മരണ പരീക്ഷയില്‍ കൂടുതല്‍ ആത്മവിശ്വാസമേകാന്‍ സാധ്യതയുണ്ട്. ഇരു ടീമുകളും 1-1ന് സമനിലയില്‍ നില്‍ക്കുന്നതിനാല്‍ ഇന്ന് മൂന്നാം ഏകദിനം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. 

Read more: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്; സഞ്ജു സാംസണ് അഗ്നിപരീക്ഷ, ടീമില്‍ മാറ്റമുറപ്പ്, ജയിച്ചാല്‍ പരമ്പര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം