ഇന്ന് തിളങ്ങിയില്ലെങ്കില്‍ സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ നിന്ന് ക്ലീന്‍ ബൗള്‍ഡ്, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമുറപ്പ്

പാള്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പര ജേതാക്കളെ ഇന്നറിയാം. നിർണായക മൂന്നാം ഏകദിനം വൈകിട്ട് നാലരയ്ക്ക് പാളിലെ ബോളണ്ട് പാര്‍ക്കില്‍ തുടങ്ങും. ഏകദിന ടീമിലെങ്കിലും സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മലയാളി താരം സഞ്ജു സാംസണിന് ഇന്ന് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തേ മതിയാകൂ. ആദ്യ ഏകദിനം എട്ട് വിക്കറ്റിന് ഇന്ത്യയും രണ്ടാമത്തേത് അത്രതന്നെ വിക്കറ്റിന് ദക്ഷിണാഫ്രിക്കയും ജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. 

ദക്ഷിണാഫ്രിക്കയിൽ രണ്ടാം ഏകദിന പരമ്പര വിജയം സ്വപ്നം കണ്ടാണ് ടീം ഇന്ത്യ പാളില്‍ ഇന്നിറങ്ങുന്നത്. പക്ഷേ ഓപ്പണർമാർ നല്ല തുടക്കം നൽകണം. പുതുമുഖ ഓപ്പണർ സായ് സുദർശൻ രണ്ട് കളിയിലും അർധസെഞ്ചുറി നേടിയെങ്കിലും റുതുരാജ് ഗെയ്‌ക്‌വാദിന് രണ്ടക്കം കടക്കാനായിട്ടില്ല. ആദ്യ രണ്ട് ഏകദിനങ്ങളില്‍ അഞ്ചും നാലും റണ്‍സ് വീതമാണ് ഗെയ്‌ക്‌വാദിന്‍റെ സംഭാവന. മധ്യനിരയിൽ തിലക് വർമ്മയുടെ മങ്ങിയ ഫോമിലും ടീമിന് ആശങ്കയുണ്ട്. തിലകിന് പകരം രജത് പടിദാറിന് അരങ്ങേറ്റത്തിന് അവസരം നൽകാൻ സാധ്യതയുണ്ട്. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരുടെ പരിചയസമ്പത്ത് മധ്യനിരയിൽ കരുത്താകുമ്പോഴും മലയാളി താരം സഞ്ജു സാംസണിന് അവസരങ്ങള്‍ പ്രയോജനപ്പെടുത്താനാവുന്നില്ല. എങ്കിലും സഞ്ജുവിന് ഒരവസരം കൂടി മാനേജ്‌മെന്‍റ് നൽകിയേക്കും.

ബൗളിംഗില്‍ സ്‌പിന്നര്‍മാരായ അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരിൽ ഒരാൾക്ക് പകരം യുസ്‍വേന്ദ്ര ചഹലിനെയും പരിഗണിക്കുന്നു. പേസ് നിരയിൽ മാറ്റത്തിന് സാധ്യതയില്ല. 

യുവതാരങ്ങളിലേക്കാണ് ദക്ഷിണാഫ്രിക്കയും ഉറ്റുനോക്കുന്നത്. ക്വിന്‍റൺ ഡി കോക്കിന്റെ അഭാവം നികത്തുമെന്ന സൂചന ടോണി ഡി സോർസി രണ്ടാം ഏകദിനത്തിലെ സെഞ്ചുറിക്കരുത്തിലൂടെ നൽകിക്കഴിഞ്ഞു. നാൻഡ്രേ ബർഗറുടെ പേസ് മികവിലും പ്രതീക്ഷവയ്ക്കാം. ഇവർക്കൊപ്പം എയ്ഡൻ മാർക്രാം, റീസ ഹെൻഡ്രിക്സ്, ഹെൻറിച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, വാൻഡർ ഡുസൻ തുടങ്ങിയവർ കൂടി ചേരുമ്പോൾ ഇന്ത്യക്ക് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. 2018ലാണ് ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര നേടിയത്.

Read more: 'സഞ്ജു സാംസണ്‍... ഇത് അസമയത്തെ വിക്കറ്റ് വലിച്ചെറിയലായിപ്പോയി'; വിമര്‍ശിച്ച് സൈമൺ ഡൂള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം