ന്യൂസിലൻഡിനെതിരായ ടി20 പരമ്പര 5-0 ന് തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വൈസ് ക്യാപ്റ്റൻ തിലക് വർമ. തുടർച്ചയായ യാത്രകൾ വെല്ലുവിളിയാണെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ടീം ശ്രമിക്കുന്നതെന്നും തിലക് പറഞ്ഞു.
വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര 5-0ന് തൂത്തുവാരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ തിലക് വര്‍മ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന രണ്ട് മത്സരങ്ങളെയും ലാഘവത്തോടെ കാണാൻ ഇന്ത്യൻ ടീം തയ്യാറല്ലെന്ന് തിലക് വര്‍മ മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പരമ്പര 5-0 ന് തൂത്തുവാരാനുള്ള സുവര്‍ണാവസരമായാണ് ഞങ്ങൾ ഇനിയുള്ള മത്സരങ്ങളെ കാണുന്നത്. അടുത്ത മത്സരങ്ങളിലും ജയിച്ച് ഇന്ത്യൻ ആരാധകർക്ക് 5-0 പരമ്പര ജയം നേരിട്ട് കാണാനുള്ള അവസരം ഒരുക്കുകയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം- തിലക് വർമ്മ പറഞ്ഞു. 2020-ൽ വിരാട് കോലിക്ക് കീഴിൽ ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. പരമ്പരയില്‍ ഇന്ത്യ 3-0 മുന്നിലെത്തിയെങ്കിലും അതത്ര എളുപ്പമായിരുന്നില്ലെന്നും തിലക് വ്യക്തമാക്കി. തുടർച്ചയായ യാത്രകളും സമയമേഖലകളിലെ മാറ്റങ്ങളും കടുത്ത വെല്ലുവിളിയായിരുന്നു. പുറത്തുനിന്ന് നോക്കുമ്പോൾ 3-0 ന്റെ ലീഡ് എളുപ്പമാണെന്ന് തോന്നാം. എന്നാൽ തുടര്‍ച്ചയായ യാത്രകളും സാഹചര്യങ്ങളുമായി പൊരുത്തപ്പെടലും കഠിനമാണ്. പക്ഷേ, അന്താരാഷ്ട്ര തലത്തിൽ കളിക്കുമ്പോൾ ഞങ്ങൾ അതിന് ഒഴികഴിവുകൾ പറയാനാവില്ല. ടീമിലേക്ക് ഉയർന്നുവരുന്ന യുവതാരങ്ങൾക്ക് മാതൃകയാകുന്ന രീതിയിലുള്ള മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും തിലക് പറഞ്ഞു.
ഇതൊരു ദൈര്‍ഘ്യമേറിയ പരമ്പരയാണെന്നും ടി20 പരമ്പരയിലെ പ്രകടനം വരാനിരിക്കുന്ന ഏകദിന, ടെസ്റ്റ് ടീമുകൾക്ക് വലിയ ആത്മവിശ്വാസം നൽകുമെന്നും കോച്ച് ഗൗതം ഗംഭീർ ടീം മീറ്റിംഗിൽ വ്യക്തമാക്കിയിരുന്നുവെന്നും തിലക് പറഞ്ഞു. മൂന്നാം നമ്പറിൽ നിന്ന് 5, 6 പൊസിഷനുകളിലേക്ക് മാറിയതിന് ശേഷമുള്ള തന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ചും തിലക് മനസ് തുറന്നു. പവർ ഹിറ്റിംഗ് എനിക്ക് നേരത്തെ ഉള്ളതാണ്. എന്നാൽ ഇപ്പോൾ 5 അല്ലെങ്കിൽ 6-ാം നമ്പറിൽ കളിക്കുമ്പോൾ, ക്രീസിലെത്തുമ്പോൾ തന്നെ ആദ്യ പന്തിൽ ബൗണ്ടറി അടിക്കാൻ ശ്രമിക്കുന്നത് പന്ത് അതിന് അനുയോജ്യമാണെങ്കിൽ മാത്രമാണ്. അല്ലാത്തപക്ഷം കളി അവസാന ഓവറുകളിലേക്ക് നീട്ടാനാണ് നോക്കുന്നത്. തുടക്കത്തിൽ സിംഗിളുകളും ഡബിളുകളും എടുത്ത് സമയം കണ്ടെത്തിയശേഷം തകര്‍ത്തടിക്കാനാണ് ശ്രമിക്കുന്നതെന്നു തിലക് പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
രണ്ടാം ടി20-യിൽ 70/5 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 26 പന്തിൽ പുറത്താകാതെ 51 റൺസ് നേടി തിലക് അവിശ്വസനീയ വിജയത്തിലേക്ക് നയിച്ചിരുന്നു. നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം ഏഴാം വിക്കറ്റിൽ 69 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടും തിലക് പടുത്തുയർത്തിയിരുന്നു. മൂന്നാം ടി20-യിൽ അഭിഷേക് ശർമ്മയുടെ (38 പന്തിൽ 113) വെടിക്കെട്ട് സെഞ്ചുറിയുടെ ബലത്തിൽ 199 റൺസ് ലക്ഷ്യം 40 പന്തുകൾ ബാക്കിനിൽക്കെ മറികടന്നാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്.




