മുംബൈ: ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ചെങ്കിലും അടുത്തവര്‍ഷം നടക്കുന്ന ഓസ്ട്രേലിയന്‍ പര്യടനം വിരാട് കോലിക്കും സംഘത്തിനും എളുപ്പമാവില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മുന്നറിയിപ്പ്.  ഓസ്ട്രേലിയന്‍ പര്യടനമായിരിക്കും അടുത്തവര്‍ഷം കോലിയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഗാംഗുലി പറഞ്ഞു.

അടുത്തവര്‍ഷം ഇന്ത്യ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുമ്പോള്‍ വിജയം എളുപ്പമാവില്ല. കഴിഞ്ഞ വര്‍ഷം ജയിച്ചപോലെ അത്ര അനായാസം ജയിക്കാനാവില്ല. ആ സമയം, ഞാന്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടാവുമോ എന്ന് എനിക്കറിയില്ല. എങ്കിലും ടി20 ലോകകപ്പിനുശേഷം നടക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്-ഗാംഗുലി പറഞ്ഞു.

ഓസ്ട്രേലിയന്‍ പര്യടനത്തിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ കോലി പ്രാപ്തനാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ഓസ്ട്രേലിയയെ കീഴടിക്കിയെങ്കിലും അത് ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ടീമായിരുന്നില്ല. അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം കോലി നേരിടാന്‍ പോവുന്നത് വ്യത്യസ്തമായ വെല്ലുവിളിയായിരിക്കും. പൂര്‍ണ ശക്തിയുള്ള ഓസ്ട്രേലിയ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും. എന്നാല്‍ അവരെ കീഴടക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്.

ഞാന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് ഏറ്റവും മികച്ച ടീമുമായി മത്സരിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 2003ലെ ഓസീസ് പര്യടനത്തില്‍ ഞങ്ങളത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കോലിയുടെ ഈ ടീമിനും അതിനുള്ള കഴിവുണ്ട്. ഇന്ത്യക്ക് മികച്ച പേസ് ബൗളര്‍മാരും സ്പിന്നര്‍മാരുമുണ്ട്. കോലിയെന്ന ചാമ്പ്യന്‍ ബാറ്റ്സ്മാനുമുണ്ട്. ഓസ്ട്രേലിയയില്‍ ജയിക്കുന്നതിന് പുറമെ ഐസിസി ടൂര്‍ണമെന്റുകളിലെ സെമി കടമ്പ കടക്കാന്‍ കോലിക്കും സംഘത്തിനും കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് ഗാംഗുലി പറഞ്ഞു. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും പരമ്പര ജയിക്കുക എന്നതും കോലിക്ക് മുന്നിലുള്ള വെല്ലുവിളിയാണെന്നും ഗാംഗുലി പറഞ്ഞു.