ജൊഹന്നസ്ബര്‍ഗ്: ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ്. ഇംഗ്ലണ്ടിനെതിരെ 24ന് ആരംഭിക്കുന്ന ടെസ്റ്റ് ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ അവസാന മത്സരമായിരിക്കുമെന്ന് ഫാഫ് അറിയിച്ചു. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയോട് താരം ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയും. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിര്‍ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ബാറ്റുകൊണ്ടും താരം നിരാശപ്പെടുത്തി. ഇതിനെ തുടര്‍ന്നാണ് 35കാരന്റെ വിരമിക്കല്‍ പ്രഖ്യാപനം.

എന്നാല്‍ ടി20 ലോകകപ്പില്‍ താരം കളിക്കുമെന്നാണ് അറിയുന്നത്. ഇ്ംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഫാഫിനെ ഒഴിവാക്കിയിരുന്നു. പകരം ക്വിന്റണ്‍ ഡികോക്കാണ് ടീമിനെ നയിക്കുക. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 143 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഫാഫ് 5507 റണ്‍സ് നേടിയിട്ടുണ്ട്. 39 ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ഫാഫ് 28 മത്സരങ്ങളില്‍ വിജയത്തിലേക്ക് നയിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഇതുവരെ 64 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഫാഫ് 40.23 ശരാശരിയില്‍ 3863 റണ്‍സ് നേടിയിട്ടുണ്ട്. 44 ടി20കളി്ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കളിച്ചു. 1363 റണ്‍സാണ് സമ്പാദ്യം.