സയ്യിദ് മുഷ്താഖ് അലി ടി20യിൽ ഹൈദരാബാദിനെതിരെ മുംബൈ 131 റൺസിന് പുറത്തായി. ഏകദിനത്തിലെ മികവ് ആവർത്തിക്കാനാവാതെ യശസ്വി ജയ്‌സ്വാൾ 29 റൺസിന് പുറത്തായപ്പോൾ, മുഹമ്മദ് സിറാജിന്റെ മൂന്ന് വിക്കറ്റ് പ്രകടനം മുംബൈയെ തകർത്തു.
പൂനെ: സയ്യിദ് മുഷ്താഖ് അലി ടി20 സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ 29 റണ്‍സെടുത്ത് പുറത്തായി മുംബൈയുടെ യശസ്വി ജയ്‌സ്വാള്‍. താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 18.5 ഓവറില്‍ 131 റണ്‍സിന് എല്ലാവരും പുറത്തായി. ജയ്‌സ്വാളും ഹാര്‍ദിക് തമോറെയുമാണ് (29) മുംബൈയുടെ ടോപ് സ്‌കോറര്‍മാര്‍. സുര്യന്‍ഷ് ഷെഡ്‌ജെ 28 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് മുംബൈയെ തകര്‍ത്തത്. ചാമ മിലിന്ദ്, ടി ത്യാഗരാജന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മോശം തുടക്കമായിരുന്നു മുംബൈക്ക്. ആദ്യ അഞ്ച് താരങ്ങളില്‍ നാല് പേര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. നാലാം ഓവറില്‍ തന്നെ അജിന്‍ക്യ രഹാനെ ത്യാഗരാജന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു താരത്തെ. മൂന്നാമനായി എത്തിയ സര്‍ഫറാസ് ഖാന്‍ മിലിന്ദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി. ആംഗ്കൃഷ് രഘുവന്‍ഷി (4), അഥര്‍വ അങ്കോളേക്കര്‍ (3) എന്നിവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഇതിനിടെ ജയ്‌സ്വാളും മടങ്ങി. ഇതോടെ അഞ്ചിന് 67 എന്ന നിലയിലായി മുംബൈ. 20 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ജയ്‌സ്വാള്‍ മുംബൈ ടീമിനൊപ്പം ചേരുകയായിരുന്നു. അവസാന ഏകകദിനത്തില്‍ സെഞ്ചുറി നേടിയിരുന്നു താരം. എന്നാല്‍ ആ മികവ് ആവര്‍ത്തിക്കാനായില്ല.
തുടര്‍ന്ന് ഷെഡ്‌ജെ - തമോറെ സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് കൂട്ടതകര്‍ച്ച ഒഴിവാക്കിയത്. തമോറെ 16-ാം ഓവറില്‍ പുറത്തായതോടെ മുംബൈ വീണ്ടും തകര്‍ന്നു. തൊട്ടടുത്ത ഓവറില്‍ ഷെഡ്‌ജെയും മടങ്ങി. സായ്‌രാജ് പാട്ടീലാണ് (8 പന്തില്‍ 12) രണ്ടക്കം കണ്ട മറ്റൊരു താരം. ഷാര്‍ദുല്‍ താക്കൂര്‍ (0), തനുഷ് കൊട്ടിയാന്‍ (2) എന്നിവരും പുറത്തായി. തുഷാര്‍ ദേശ്പാണ്ഡെ (1) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 68 റണ്‍സെടുത്തിട്ടുണ്ട്. അമന്‍ റാവു (33), തന്മയ് അഗര്‍വാള്‍ (35) എന്നിവരാണ് ക്രീസില്‍.



