സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സലിൽ അറോറയുടെ (125*) സെഞ്ചുറിയുടെ മികവിൽ പഞ്ചാബ് 235 റൺസ് നേടി. എന്നാൽ, കുമാർ കുഷാഗ്രയുടെ (86*) തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ ജാർഖണ്ഡ് 18.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
പൂനെ: സയ്യിദ് മുഷ്താഖ് അലി ടി20 സൂപ്പര്‍ ലീഗ് ഗ്രൂപ്പ് എയില്‍ പഞ്ചാബ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് ജാര്‍ഖണ്ഡ്. പൂനെ, ഡിവൈ പാട്ടീല്‍ അക്കാദമി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. 45 പന്തില്‍ പുറത്താവാതെ 125 റണ്‍സെടുത്ത സലില്‍ അറോറയാണ് പഞ്ചാബിന് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ജാര്‍ഖണ്ഡ് 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ പുറത്താവാതെ 86 റണ്‍സ് നേടിയ കുമാര്‍ കുഷാഗ്രയാണ് ജാര്‍ഖണ്ഡിനെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.
തുടക്കത്തില്‍ തന്നെ വിരാട് സിംഗിന്റെ (18) വിക്കറ്റ് ജാര്‍ഖണ്ഡിന് നഷ്ടമായി. എന്നാല്‍ മുന്നാം വിക്കറ്റില്‍ ഇഷാന്‍ കിഷന്‍ (23 പന്തില്‍ 47), കുഷാഗ്ര സഖ്യം 60 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴാം ഓവറിന്റെ അവസാന പന്തില്‍ കിഷന്‍ പുറത്തായി. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ റോബിന്‍ മിന്‍സിന് (2) തിളങ്ങാനായില്ല. എങ്കിലും അനുകൂല്‍ റോയ് (17 പന്തില്‍ 37), പങ്കജ് കുമാര്‍ (18 പന്തില്‍ പുറത്താവാതെ 39) എന്നിവരെ കൂട്ടുപിടിച്ച് കുഷാഗ്ര ടീമിനെ വിജയത്തിലേക്ക് നയിച്ചു. നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു കുഷാഗ്രയുടെ ഇന്നിംഗ്‌സ്. പങ്കജ് നാല് സിക്‌സും എട്ട് ഫോറും നേടി.
നേരത്തെ, മൂന്നിന് 62 എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ അറോറയുടെ ഇന്നിംഗ്‌സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഹര്‍നൂര്‍ സിംഗ് (13), പ്രഭ്‌സിമ്രാന്‍ സിംഗ് (10), അമന്‍മോല്‍ പ്രീത് സിംഗ് (23) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നമന്‍ ധിര്‍ (27) - അറോറ സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. ധിര്‍ 13-ാം ഓവറില്‍ മടങ്ങിയെങ്കിലും അറോറയുടെ ഒറ്റയാള്‍ പോരാട്ടം ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. സന്‍വീര്‍ സിംഗ് (10), രമണ്‍ദീപ് സിംഗ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഗൗരവ് ചൗധരി (10), അറോറയ്‌ക്കൊപ്പം പുറത്താവാതെ നിന്നു. 11 സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അറോറയുടെ ഇന്നിംഗ്‌സ്. ജാര്‍ഖണ്ഡിന് വേണ്ടി സുശാന്ത് മിശ്ര, ബാല്‍ കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.



