തന്‍റെ സംഭാഷണത്തിൽ വസീം ഇമാമിന്‍റെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും അന്ന് മുൾട്ടാൻ ടെസ്റ്റിൽ പരിക്ക് ചൂണ്ടിക്കാട്ടി ബാറ്റിംഗ് ഓർഡറിലേക്ക് താഴേക്കിറങ്ങിയത് ഇമാം ഉൾ ഹഖ് ആയിരുന്നു.
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പാകിസ്ഥാൻ തിരിച്ചടികൾ നേരിടുന്നതിനിടെ, ഓപ്പണർ ഇമാം ഉൾ ഹഖിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുൻ ചീഫ് സെലക്ടർ മുഹമ്മദ് വസീം. ഫാസ്റ്റ് ബൗളർമാർക്ക് അനുകൂലമായ വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ ബാറ്റ് ചെയ്യുന്നത് ഒഴിവാക്കാനായി താരം വ്യാജ പരിക്കുകൾ അഭിനയിക്കാറുണ്ടെന്നാണ് വസീമിന്‍റെ വെളിപ്പെടുത്തൽ. ലോർഡ്സിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ പാകിസ്ഥാൻ 110 റൺസിന് തകർന്നടിഞ്ഞപ്പോൾ ഇമാം ബാറ്റ് ചെയ്യാൻ ഇറങ്ങിയിരുന്നില്ല. ഇമാമിന് പരിക്കാണെന്നും മെഡിക്കൽ ടീമിന്‍റെ നിരീക്ഷണത്തിലാണെന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് തന്‍റെ യൂട്യൂബ് ചാനലിലൂടെ വസീം ആരോപണങ്ങളുമായി രംഗത്തെത്തിയത്. 2022-ൽ ഇംഗ്ലണ്ടിനെതിരായ മുൾട്ടാൻ ടെസ്റ്റിനിടെ നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് വസീം സംസാരിച്ചത്. അന്ന് മത്സരത്തിന് തൊട്ടുമുമ്പ് ടീം ഫിസിയോ എന്‍റെ അടുത്തെത്തി ഒരു കളിക്കാരൻ പരിക്ക് അഭിനയിച്ച് പുറത്തുപോകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അതിന് ശേഷം അയാൾ അത് തന്നെയാണ് ചെയ്തത്. മുൻപും പരിശീലകർ ഇതേ കളിക്കാരനെക്കുറിച്ച് ഇത്തരത്തിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും ഫിസിയോ എന്നോട് പറഞ്ഞിരുന്നുവെന്നും വസീം വെളിപ്പെടുത്തി.
തന്‍റെ സംഭാഷണത്തിൽ വസീം ഇമാമിന്‍റെ പേര് നേരിട്ട് പറഞ്ഞില്ലെങ്കിലും അന്ന് മുൾട്ടാൻ ടെസ്റ്റിൽ പരിക്ക് ചൂണ്ടിക്കാട്ടി ബാറ്റിംഗ് ഓർഡറിലേക്ക് താഴേക്കിറങ്ങിയത് ഇമാം ഉൾ ഹഖ് ആയിരുന്നു. ടീമിന് ബാധ്യതയാകുന്ന ഇത്തരം താരങ്ങളെ ടീമിൽ നിന്നും പുറത്താക്കണമെന്നും വസീം ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തികൾ ആവർത്തിക്കപ്പെടുന്നത് മറ്റ് കളിക്കാർക്കും തെറ്റായ സന്ദേശമാണ് നൽകുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ പോലും പുല്ലുള്ള നല്ല പിച്ചുകളിൽ ഇവർ ബാറ്റ് ചെയ്യാനിറങ്ങില്ല. പിച്ച് ഫ്ലാറ്റ് ആകുകയോ സ്പിന്നിന് അനുകൂലമാകുകയോ ചെയ്യുമ്പോൾ മാത്രമാണ് ഇവർ ബാറ്റ് ചെയ്യുക. ഇത്തരം കളിക്കാർക്കെതിരെ ഉടനടി നടപടിയെടുക്കണമെന്നും വസീം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യങ്ങൾ പരിശീലകൻ സർഫറാസ് അഹമ്മദ് നിരീക്ഷിക്കുന്നുണ്ടാകുമെന്നും വിഷയം ഗൗരവമായി കൈകാര്യം ചെയ്യുമെന്നും വസീം പ്രതീക്ഷ പ്രകടിപ്പിച്ചു.
