കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ആരാധകരുമായി ഗംഭീര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഒരു ആരാധകന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ പ്ലേ ഓഫ് ബര്‍ത്തുറപ്പിക്കാന്‍ ഒരു വിജയം മാത്രം അകലെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണുകളിലൊന്നും പ്ലേ ഓഫിലെത്താന്‍ കഴിയാതിരുന്ന കൊല്‍ക്കത്ത ഈ സീസണില്‍ മുന്‍ നായകന്‍ ഗൗതം ഗംഭീര്‍ മെന്‍ററായി തിരിച്ചെത്തിയതോടെയാണ് വീണ്ടും ഫോമിലായത്. 11 മത്സരങ്ങളില്‍ എട്ട് ജയവുമായി 16 പോയന്‍റ് നേടിയ കൊല്‍ക്കത്ത നിലവില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ്. മെന്‍ററായുള്ള ഗംഭീറിന്‍റെ തിരിച്ചുവരവാണ് കൊല്‍ക്കത്തയുടെ തലവരമാറ്റിയതെന്ന് കൊല്‍ക്കത്ത ആരാധകരും വിശ്വസിക്കുന്നു. കഴിഞ്ഞ സീസണുകളില്‍ ലഖ്നൗ ടീമിന്‍റെ മെന്‍ററായിരുന്നു ഗംഭീര്‍.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ആരാധകരുമായി ഗംഭീര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഒരു ആരാധകന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞ വാക്കുകളാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. താങ്കളോട് ഞങ്ങളൊരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുന്നു. ഇനിയൊരിക്കലും ഞങ്ങളെ വിട്ട് പോവരുത്. താങ്കള്‍ കൊല്‍ക്കത്ത വിട്ടപ്പോള്‍ ഞങ്ങള്‍ എത്രമാത്രം വേദനിച്ചുവെന്ന് താങ്കകള്‍ക്ക് മുമ്പില്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാൻ എനിക്കാവില്ല. അതുകൊണ്ട് താങ്കള്‍ക്ക് വേണ്ടിയൊരു ബംഗാളി ഗാനം പാടാം. താങ്കള്‍ ഇവിടെ നില്‍ക്കണം, താങ്കളെ ഞങ്ങള്‍ വിടില്ല, കാരണം നിങ്ങളാണ് ഞങ്ങളുടെ ഹൃദയം, ഇനിയൊരിക്കലും ഞങ്ങളെ വിട്ടുപോവരുത്, പ്ലീസ്...സാര്‍, പ്ലീസ് എന്നായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ട് ആരാധകന്‍ പറഞ്ഞത്. ആരാധകന്‍റെ വാക്കുകള്‍ അവതാരകന്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് ഗംഭീര്‍ നന്ദി പറഞ്ഞു.

Scroll to load tweet…

ഈ സീസണില്‍ സുനില്‍ നരെയ്നെ വീണ്ടും ഓപ്പണറാക്കാനും ഫില്‍ സാള്‍ട്ടിനെ നരെയ്നൊപ്പം ഓപ്പണറായി ഇറക്കാനുമുള്ള ഗംഭീറിന്‍റെ തീരുമാനമാണ് കൊല്‍ക്കത്തയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്. കൊല്‍ക്കത്ത ആദ്യം ബാറ്റ് ചെയ്ത എട്ട് മത്സരങ്ങളില്‍ ആറിലും ടീം 200 കടന്നപ്പോള്‍ നരെയ്ന്‍-സാള്‍ട്ട് സഖ്യത്തിന്‍റെ പ്രകടനം നിര്‍ണായമായിരുന്നു. ഇന്ന് ഹോം ഗ്രൗണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടാനിറങ്ങുന്ന കൊല്‍ക്കത്തക്ക് ജയിച്ചാല്‍ 18 പോയന്‍റുമായി പ്ലേ ഓഫിലെത്താം.

ഇന്ത്യയുടെ എക്കാലത്തെയും വലിയ പേടിസ്വപ്നം; ഒടുവില്‍ വിരമിക്കാനൊരുങ്ങി ജെയിംസ് ആന്‍ഡേഴ്സണ്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക