മരത്തിന് മുകളില്‍ നിന്ന് ചിത്രമെടുക്കുന്ന ആരാധകനെ വിരാട് കോലി രോഹിത്തിന് കാണിച്ചുകൊടുക്കുന്നതും രോഹിത് അയാളോട് താഴെയിറങ്ങാനും പറയുന്നവ വീഡിയോയും പ്രചരിക്കുന്നുണ്ട്.
മുംബൈ: ടി20 ലോകകപ്പ് കീരിടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാര്‍ച്ച് കാണാൻ പതിനായിരങ്ങളാണ് മറൈന്‍ഡ്രൈവിന്‍റെ ഇരുവശവും ഇന്നലെ മണിക്കൂറുകള്‍ക്ക് മുമ്പെ നിലയുറപ്പിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ച് രണ്ട് മണിക്കൂറോളം വൈകി തുടങ്ങിയ വിക്ടറി മാര്‍ച്ചില്‍ തൃശൂര്‍ പൂരത്തെപ്പോലും വെല്ലുന്ന തരത്തില്‍ ആരാധകര്‍ ഒഴുകിയെത്തിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത് മരംകയറിയ ഒരു ആരാധകനായിരുന്നു.
ഇന്ത്യൻ ടീമിന്‍റെ വിക്ടറി പരേഡ് കാണാനായി റോഡിന് അരികിലെ മരത്തിന് മുകളില്‍ കയറിയ ആരാധകന്‍ ടീം അംഗങ്ങള്‍ തനിക്കരികിലൂടെ കടന്നുപോകുമ്പോള്‍ മരത്തിന്‍റെ ചില്ലയില്‍ കിടന്ന് ഒരു കൈയില്‍ ഫോണ്‍ പിടിച്ച് ചിത്രമെടുക്കാന്‍ ശ്രമിക്കുന്ന ചിത്രം ഇന്ത്യന്‍ ടീമിന്‍റെ വിക്ടറി പരേഡ് പോലെ തന്നെ സമൂഹമാധ്യമങ്ങളിലും വൈറലായി.
മരത്തിന് മുകളില്‍ നിന്ന് ചിത്രമെടുക്കുന്ന ആരാധകനെ വിരാട് കോലി രോഹിത്തിന് കാണിച്ചുകൊടുക്കുന്നതും രോഹിത് അയാളോട് താഴെയിറങ്ങാനും പറയുന്നവ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഒറ്റ ദിവസം കൊണ്ട് ബോളിവുഡ് താരങ്ങളെക്കാള്‍ പ്രശസ്തനായ ആരാധകനെന്നാണ് ചിലര്‍ ചിത്രം പങ്കുവെച്ച് എക്സില്‍ കുറിച്ചത്.
ആവേശം, രോമാഞ്ചം, വാംഖഡെയിലെ പതിനായിരങ്ങള്‍ക്കൊപ്പം വന്ദേമാതരം ഏറ്റുപാടി ടീം ഇന്ത്യ
ഇന്നലെ രാവിലെ ആറരയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യൻ ടീമിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അഗ്നിശമനസേന സ്വീകരിച്ചത്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്ത്യൻ ടീമിന്‍റെ വിജയാഘോഷം.
