രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് കൂടുതല്‍ അനായാസമാകുമെന്നതിനാല്‍ മുംബൈയില്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകകയാണ് പതിവ്.
മുംബൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു മത്സരത്തില്‍ ടോസ് സമയച്ച് മാച്ച് റഫറി കൃത്രിമം കാട്ടിയെന്ന ആരോപണവുമായി ഒരു വിഭാഗം ആരാധകര്‍. ഹാര്‍ദ്ദിക് പാണ്ഡ്യ ടോസ് ചെയ്ത കോയിന്‍ കൈയിലെടുത്തശേഷം മാച്ച് റഫറിയായ മുന്‍ ഇന്ത്യന്‍ താരം ശ്രീനാഥ് നാണയം തിരിച്ചുവെന്നും അങ്ങനെയാണ് മുംബൈ ടോസ് ജയിച്ചതെന്നും ആരോപിച്ച് ഒരുവിഭാഗം ആരാധകരാണ് സമൂഹമാധ്യമങ്ങളില്‍ ആരോപണവുമായി എത്തിയത്. ഇതിന്‍റെ തെളിവായി അവര്‍ ഹാര്‍ദ്ദിക് ടോസ് ചെയ്ത നാണയം ശ്രീനാഥ് കൈയിലെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
എന്നാല്‍ ഉടന്‍ തന്നെ മറുപടിയുമായി എത്തിയ മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ മറ്റൊരു ആംഗിളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കൊണ്ട് ആരോപണത്തെ ഖണ്ഡിച്ചു. ടോസ് ചെയ്തശേഷം ശ്രീനാഥ് നാണയം കൈയിലെടുക്കുന്നതിന്‍റെ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് മുംബൈ ആരോധകര്‍ ആരോപണത്തെ പ്രതിരോധിച്ചത്. ഇതില്‍ നാണയം കൈയിലെടുക്കുമ്പോള്‍ തിരിക്കുന്നില്ല എന്ന് വ്യക്തമാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ ടോസ് നിര്‍ണായകമാണ്.
രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിംഗ് കൂടുതല്‍ അനായാസമാകുമെന്നതിനാല്‍ മുംബൈയില്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകകയാണ് പതിവ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി, രജത് പാടീദാര്‍, ദിനേശ് കാര്‍ത്തിക് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തില്‍20 ഓവറില്‍ 196 റണ്‍സടിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സ് 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിയിരുന്നു.
വെടിക്കെട്ട് അര്‍ധെസെഞ്ചുറികള്‍ നേടിയ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമായിരുന്നു മുംബൈയുടെ ജയം അനായാസമാക്കിയത്. സീസണിലെ ആറ് കളികളില്‍ ആര്‍സിബിയുടെ അഞ്ചാം തോല്‍വിയാണിത്. അതേസമയം ആദ്യ മൂന്ന് കളിയും തോറ്റ മുംബൈ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ജയിച്ച് തിരിച്ചുവരവിന്‍റെ പാതയിലാണ്.
