ന്യൂസിലന്‍ഡിനും ശ്രീലങ്കക്കുമെതിരെ നാല് എവേ ടെസ്റ്റുകളും ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ 5 ടെസ്റ്റുകളടങ്ങിയ പരമ്പരയുമാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്.

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ ഫൈനല്‍ നഷ്ടമായ ഇന്ത്യക്ക് ഇത്തവണയും ഫൈനലിലെത്താനുള്ള സാധ്യത മങ്ങി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇതുവരെ 9 ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നിലവില്‍ പോയന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. 9 ടെസ്റ്റില്‍ നാലു വീതം ജയവും തോല്‍വിയും ഒരു സമനിലയമാണ് ഇന്ത്യക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് ജയവും നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ട് ജയവും മാത്രണ് 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ നേടിയത്.

ന്യൂസിലന്‍ഡിനും ശ്രീലങ്കക്കുമെതിരെ നാല് എവേ ടെസ്റ്റുകളും ഓസ്ട്രേലിയക്കെതിരെ നാട്ടില്‍ 5 ടെസ്റ്റുകളടങ്ങിയ പരമ്പരയുമാണ് ഇന്ത്യക്ക് ഇനി കളിക്കാനുള്ളത്. ഓഗസ്റ്റിലാണ് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര. ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ കളിക്കും. അടുത്ത വര്‍ഷം ജനുവരയിലാണ് ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പര.

ആഷസ് പരമ്പര കഴിഞ്ഞതോടെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലെത്താന്‍ ഓസ്ട്രേലിയയുടെ സാധ്യതകള്‍ 91 ശതമാനമായി വര്‍ധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇനി ആറ് ഹോം ടെസ്റ്റുകളടക്കം 14 ടെസ്റ്റുകളാണ് ഓസ്ട്രേലിയക്ക് കളിക്കാനുള്ളത്. ഇതില്‍ ഏഴെണ്ണമെങ്കിലും ജയിച്ചാല്‍ ഓസീസിന് വീണ്ടും ഫൈനലിലെത്താം. ഇന്ത്യയെ ഇന്ത്യയില്‍ തറപറ്റിച്ച നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കയാണ് ഫൈനലിലെത്താന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. എട്ട് ഹോം ടെസ്റ്റുകള്‍ അടക്കം 10 ടെസ്റ്റുകൾ കളിക്കാനുള്ള ദക്ഷിണാഫ്രിക്കക്ക് ഫൈനലിലെത്താന്‍ 71 ശതമാനം സാധ്യതയാണുള്ളത്.

കളിക്കാനുള്ള 10 ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ രണ്ട് എവേ ടെസ്റ്റുകള്‍ മാത്രമാണ് ദക്ഷിണാഫ്രിക്കക്കുള്ളത്. ഇതില്‍ ആറ് ടെസ്റ്റുകളെങ്കിലും ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്കും ഫൈനലുറപ്പിക്കാം. പോയന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 16 ശതമാനം സാധ്യതയാണുള്ളത്. നാല് ഹോം ടെസ്റ്റുകള്‍ അടക്കം 13 ടെസ്റ്റുകളാണ് ന്യൂിസലന്‍ഡിന് ഇനി കളിക്കാനുള്ളത്. ഇതില്‍ 8 ടെസ്റ്റുകളെങ്കിലും ജയിച്ചാല്‍ മുന്‍ ചാമ്പ്യൻമാരായ ന്യൂസിലന്‍ഡിന് ഫൈനലിലെത്താം.

Scroll to load tweet…

നാലാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് നാലു ഹോം ടെസ്റ്റുകള്‍ അടക്കം 10 ടെസ്റ്റുകളാണ് ഇനി കളിക്കാനുള്ളത്. ഇതില്‍ ഏഴെണ്ണമെങ്കിലും ജയിച്ചാല്‍ 9 ശതമാനം സാധ്യതയുള്ള ശ്രീലങ്കക്ക് ആദ്യ ഫൈനല്‍ കളിക്കാം. അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാന് ഇന്ത്യയെക്കാള്‍ സാധ്യതയുണ്ട്. നാലു ഹോം ടെസ്റ്റുകള്‍ അടക്കം 11 ടെസ്റ്റുകളാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ പാകിസ്ഥാന് കളിക്കാനുള്ളത്. ഇതില്‍ 8 എണ്ണമെങ്കിലും ജയിച്ചാല്‍ പാകിസ്ഥാന് ഫൈനല്‍ സാധ്യതയുണ്ട്.

ഇന്ത്യയുടെ സാധ്യത

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 5 ഹോം ടെസ്റ്റുകളടക്കം 9 ടെസ്റ്റുകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. ഇതില്‍ 8 എണ്ണമെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുള്ളു. നാലു എവേ ടെസ്റ്റുകളില്‍ രണ്ടെണ്ണം ന്യൂസിലന്‍ഡിനും രണ്ടെണ്ണം ശ്രീലങ്കക്കതെരിയുമാണ്. ഹോം ടെസ്റ്റില്‍ അഞ്ചും ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കെതിരെ ആണെന്നത് ഇന്ത്യക്ക് മുന്നില്‍ കാര്യങ്ങള്‍ കടുപ്പമാക്കുന്നു.

ഇന്ത്യയുടെ സമാന അവസ്ഥയിലാണ് മൂന്ന് ശതമാനം സാധ്യതയുള്ള ഇംഗ്ലണ്ടിനും. 6 ഹോം ടെസ്റ്റുകളടക്കം 11 ടെസ്റ്റുകള്‍ കളിക്കേണ്ട ഇംഗ്ലണ്ടിന് ഇതില്‍ 10 എണ്ണമെങ്കിലും ജയിച്ചാലെ ആദ്യ ഫൈനല്‍ കളിക്കാനാകു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക