അവന്‍റെ കണ്ണുകള്‍ എല്ലാം പറയുന്നു, തീര്‍ച്ചയായും വിരമിക്കല്‍ പിന്‍വലിച്ച് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തേണ്ട സമയമാണിത്.
ബെംഗളൂരു: കഴിഞ്ഞവര്‍ഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച വിരാട് കോലി വിരമിക്കല്‍ പിന്‍വലിച്ച് ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തേണ്ട ഉചിതമായ സമയമാണിതെന്ന് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കായി പരിശീലനം നടത്തുന്ന വിരാട് കോലിയുടെ ചിത്രം പങ്കുവെച്ചാണ് റോബിന്‍ ഉത്തപ്പയുടെ കമന്‍റ്.
അവന്‍റെ കണ്ണുകള്‍ എല്ലാം പറയുന്നു, തീര്‍ച്ചയായും വിരമിക്കല്‍ പിന്‍വലിച്ച് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തേണ്ട സമയമാണിത്. അവന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ഉത്തപ്പയുടെ എക്സ് പോസ്റ്റ്. കഴിഞ്ഞ വര്‍ഷം മെയില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു രോഹിത് ശര്‍മയും പിന്നാലെ വിരാട് കോലിയും ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് മറികടക്കാനാവാതെയായിരുന്നു സമീപകാലത്തെ മോശം ഫോമിനെത്തുടര്‍ന്ന് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പിന്നീട് ഏകദിനത്തില്‍ മാത്രം തുടര്‍ന്ന കോലി മൂന്ന് സെഞ്ചുറികള്‍ കൂടി ഫോം വീണ്ടെടടുത്തിരുന്നു.
വിരാട് കോലിയുടെ വിരമിക്കല്‍ തീരുമാനം തിടുക്കത്തിലെടുത്തതാണെന്നും എന്താണ് അതിന് പിന്നിലുള്ള കാരണമെന്നത് കോലിക്ക് മാത്രമെ പറയാനാവു എന്നും ഉത്തപ്പ കുറച്ചു ദിവസം മുമ്പ് പറഞ്ഞിരുന്നു. എളുപ്പമുള്ള ഫോര്‍മാറ്റില്‍ മാത്രം തുടരാന്‍ തീരുമാനിച്ച കോലിയുടെ തീരുമാനത്തെ മുന്‍താരം സഞ്ജയ് മഞ്ജരേക്കറും അടുത്തിടെ വിമര്‍ശിച്ചിരുന്നു. ഇംഗ്ലണ്ടിന്‍റെ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ഉയരങ്ങള്‍ താണ്ടുമ്പോള്‍ കോലി ടെസ്റ്റ ഉപേക്ഷിച്ച് എളുപ്പമുള്ള ഫോര്‍മാറ്റ് തെരഞ്ഞെടുക്കരുതായിരുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞിരുന്നു. ഏകദിനങ്ങളില്‍ മാത്രം തുടരുന്ന കോലി ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് അടുത്ത് കളിക്കുക.


