Asianet News MalayalamAsianet News Malayalam

യോര്‍ക്കര്‍ എറിയാനറിയുന്ന ആരുമില്ലേ നമ്മുടെ ടീമില്‍; വീണ്ടും തല്ലുമാല, രോക്ഷാകുലരായി ആരാധകര്‍

നാല് പേസര്‍മാരെയും രണ്ട് സ്‌പിന്നര്‍മാരെയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യ കളത്തിലിറക്കിയത്

fans blast Mohammed Siraj Deepak Chahar Umesh Yadav Harshal Patel poor bowling in IND vs SA 3rd T20I
Author
First Published Oct 4, 2022, 8:54 PM IST

ഇന്‍ഡോര്‍: ഈ പോക്കുപോയാല്‍ ടി20 ലോകകപ്പ് ഇന്ത്യന്‍ ടീമിന് ബാലികേറാമലയാവും. ലോകകപ്പിനായി ഓസ്ട്രേലിയക്ക് പറക്കുമുമ്പുള്ള അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്‍ഡോറിലും അടിവാങ്ങാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ പേസര്‍മാര്‍. പരിക്കുമൂലം അര്‍ഷ്‌ദീപ് സിംഗ് വിശ്രമിക്കുമ്പോള്‍ പന്തെറിഞ്ഞ മുഹമ്മദ് സിറാജും ഹര്‍ഷല്‍ പട്ടേലും ഉമേഷ് യാദവും അടിവാങ്ങി. ദീപക് ചാഹറിനും പന്തിന്‍മേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഇന്ത്യന്‍ പേസര്‍മാര്‍ റണ്‍വഴങ്ങുന്നതില്‍ അര്‍ധസെഞ്ചുറി മിസ്സാക്കി എന്നാണ് ഇതോടെ ആരാധകരുടെ പരിഹാസം.  

നാല് പേസര്‍മാരെയും രണ്ട് സ്‌പിന്നര്‍മാരെയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യ കളത്തിലിറക്കിയത്. ഇന്‍ഡോറില്‍ നാല് ഓവര്‍ എറിഞ്ഞ ഹര്‍ഷല്‍ പട്ടേല്‍ 49 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ഹര്‍ഷലിന് ലഭിച്ചില്ല. ടി20 ലോകകപ്പ് ടീമില്‍ ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിക്കാനിരിക്കേ അവസാന അവസരം ലഭിച്ച മുഹമ്മദ് സിറാജ് 44 റണ്‍സ് വിട്ടുകൊടുത്തു. സിറാജിനും ഇന്‍ഡോറില്‍ വിക്കറ്റൊന്നുമില്ല. മൂന്ന് ഓവറില്‍ ഉമേഷ് യാദവിനെ 34 റണ്ണടിച്ചു. എന്നാല്‍ പ്രോട്ടീസ് നായകന്‍ തെംബാ ബാവുമയെ പുറത്താക്കാന്‍ ഉമേഷിനായി. മൂന്ന് ഓവര്‍ നന്നായി പൂര്‍ത്തിയാക്കിയ ദീപക് ചാഹറിനെ നാലാം ഓവറില്‍ പറത്തിയപ്പോള്‍ 48 റണ്‍സായി പ്രോട്ടീസിന്‍റെ അക്കൗണ്ടില്‍. ചാഹറിനും ഒരു വിക്കറ്റേയുള്ളൂ. 

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക റിലീ റൂസ്സോയുടെ സെഞ്ചുറിയുടെയും ക്വിന്‍റണ്‍ ഡി കോക്കിന്‍റെ അര്‍ധസെഞ്ചുറിയുടെ ഡേവിഡ് മില്ലറുടെ ഫിനിഷിംഗിന്‍റെയും മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് 227 നഷ്ടത്തില്‍ റണ്‍സെടുത്തു. 48 പന്തില്‍ സെഞ്ചുറിയിലെത്തിയ റൂസോ 100 റണ്ണുമായി പുറത്താകാതെനിന്നപ്പോള്‍ ഡികോക്ക് 43 പന്തില്‍ 68 റണ്‍സെടുത്തു. അഞ്ച് പന്തില്‍ മൂന്ന് സിക്സ് അടക്കം 19 റണ്‍സുമായി മില്ലര്‍ ഫിനിഷിംഗ് ഗംഭീരമാക്കി. 

ദീപക് ചാഹറിന്‍റെ 16-ാം ഓവറില്‍ 15 ഉം മുഹമ്മദ് സിറാജിന്‍റെ 17-ാം ഓവറില്‍ എട്ടും ഹര്‍ഷല്‍ പട്ടേലിന്‍റെ 18-ാം ഓവറില്‍ 15 ഉം സിറാജിന്‍റെ 19-ാം ഓവറില്‍ 11 ഉം ചാഹറിന്‍റെ അവസാന ഓവറില്‍ 24 ഉം റണ്‍സ് പ്രോട്ടീസ് നേടി. സ്‌പിന്നര്‍മാരായ അശ്വിന്‍ നാല് ഓവറില്‍ 35 ഉം അക്‌സര്‍ ഒരോവറില്‍ 13 ഉം റണ്‍സാണ് വിട്ടുകൊടുത്തത്. 

അടിവാങ്ങാന്‍ മത്സരിക്കുന്ന പേസര്‍മാര്‍! കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം പ്രകടനം ദയനീയം; കണക്കുകള്‍ കരയിക്കും

Follow Us:
Download App:
  • android
  • ios